X
    Categories: keralaNews

ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയത് എന്തിന്? വിശദീകരണവുമായി ഇ.പി ജയരാജന്റെ ഭാര്യ

തിരുവനന്തപുരം: ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ഇ.പി ജയരാജന്റെ ഭാര്യം പി.കെ ഇന്ദിര. മന്ത്രി ഇ.പി ജയരാജന്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പി.കെ ഇന്ദിര വിശദീകരിക്കുന്നത്. തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഇ.പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ഇന്ദിരയും ക്വാറന്റീനില്‍ പോവുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കോവിഡ് പരിശോധന നടത്തിയത്. അതിന് ശേഷം ഉച്ച കഴിഞ്ഞാണ് ഇവര്‍ കണ്ണൂര്‍ ജില്ലാ ബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചത്. ഈ ബാങ്കിലെ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ആളാണ് പി.കെ ഇന്ദിര. അതുകൊണ്ട് തന്നെ അവര്‍ ബാങ്കിലെത്തി ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ തടസമുണ്ടായില്ല എന്നാണ് കരുതുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി ജയരാജന്റെ മകന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദര്‍ശനം വിവാദമായിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: