X

ഒന്നാം തീയതി മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മാര്‍ച്ച് മാസം ഒന്നു മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്ക് നിയമിക്കും.

പിജി വിദ്യാര്‍ഥികളുടെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് നിയമനം. സേവനം ലഭ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് കണക്ക് കൂട്ടല്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 854, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 430, എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്.

മൂന്നു മാസം വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെയായിരിക്കും നിയമിക്കുക. പിജി വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്‍.

webdesk13: