X

ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു

മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ അഞ്ച് മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗണേശമൂർത്തി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24നാണ് ഈറോഡ് എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാർട്ടി ലോക്സഭാ സീറ്റ് നൽകാത്തതിൽ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു റിപ്പോർട്ട്.

പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിലേക്കും പിന്നീട് വെൻ്റിലേറ്ററിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ ഗണേശമൂർത്തിയെ പിന്നീട് ആംബുലൻസിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ പുലർച്ചെ അഞ്ച് മണിയോടെ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണക്കാരണമെന്ന് ഡോക്ടർമാർ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈറോഡിലെ പൊതുദർശനത്തിന് ശേഷം കുമാരവലസു ഗ്രാമത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും എംഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ഈറോഡ് സ്വദേശിയായ ഗണേശമൂർത്തി മൂന്നു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിച്ചത്.

webdesk13: