X

ഫാസിസത്തെ അതിജീവിക്കാന്‍ മുസ്‌ലിം ലീഗിനൊപ്പം അണിനിരക്കുക: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

 

ഗിരിഡി: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡില്‍ നടത്തി വരുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിഡി ജില്ലാ മുസ്‌ലിം ലീഗ് സമ്മേളന ഉദ്ഘാടനവും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു.
ഇന്ത്യയില്‍ ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ ശക്തിപ്രാപിക്കുന്ന കാലത്ത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണവും ഉന്നതിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കടമയാണ്. രാജ്യത്തെ മറ്റേത് സംഘങ്ങളേക്കാളും ഉത്തരവാദിത്വത്തോടെ പാര്‍ട്ടി അത് നിര്‍വ്വഹിച്ചു വരികയാണ്. ഉത്തരേന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനത മുസ്ലിം ലീഗിനൊപ്പം അണിനിരന്നാല്‍ ആ മാറ്റം അതിവേഗം സാധ്യമാകുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ഗിരിഡി ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികളായ ശിഹാബ് തങ്ങള്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ കീഴിലുള്ള രണ്ടാമത്തെ സ്‌കൂളിന്റെ ഉദ്ഘാടനം, ഇസ്ലാംപൂരിലെ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം, ഖത്തര്‍ കെഎംസിസിയുടെ സഹായത്താല്‍ നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ ഘര്‍ മരാമത്ത് യോജന പദ്ധതിയിലെ ആദ്യ നൂറു വീടുകളുടെ താക്കോല്‍ ദാനം, സഊദി അറേബ്യ കുന്‍ഫുദ കെഎംസിസി നിര്‍മ്മിച്ച ബൈതുറഹ്മ വീടിന്റെ സമര്‍പ്പണം, കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച കുഴല്‍ കിണറുകളുടെയും, ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി കുഴല്‍ കിണറുകളുടെയും അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി നിര്‍മ്മിച്ച കുഴല്‍ കിണറുകളുടെയും സമര്‍പ്പണം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. ഇന്ന് ഗോസംരക്ഷകരാല്‍ കൊല്ലപ്പെട്ട അലീമുദ്ദീന്റെ കുടുംബത്തിനുള്ള വാഹനം കൈമാറും.
മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ, എം.എസ്. അലവി, ഇസ്മായില്‍ എളമടത്തില്‍ അജ്മാന്‍ കെഎംസിസി, നിഅമത്തുല്ല കോട്ടക്കല്‍, ഇസ്മായില്‍ പൊയില്‍, സാദിഖ് പി.പി, വാജിദ് കൊയിലാണ്ടി, ലത്തീഫ് രാമനാട്ടുകര, മുഫ്തി സഈദ് ആലം, ഖുത്ബ് റഹ്മാന്‍, മുര്‍ഷിദ് ആലം,സര്‍ഫറാസ് അഹമ്മദ്, ലിയാഖത് അലി, മുഹമ്മദ് കാസിം അന്‍സാരി, ഷംസീര്‍ ഭറേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

chandrika: