X

കെ.റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്ന് ഇ.ടി

ന്യൂഡല്‍ഹി: കെ.റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്ന് മുസ്്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ലോക്‌സഭയില്‍ റെയില്‍വേയുടെ ഉപ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു തരത്തിലും ഈ പദ്ധതിയെ നീതികരിക്കാന്‍ കഴിയുന്നതല്ല. കേരളത്തില്‍ അത് വലിയ ദുരന്തങ്ങള്‍ വരുത്തിവെക്കും. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഇതിനു മുടക്കുന്ന തുകയും അതില്‍ നിന്ന് തിരിച്ചു ലഭിക്കുന്ന വരുമാനവും തമ്മില്‍ സാമ്പത്തികമായി പ്രായോഗികമല്ല.

പല പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനകം ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വളരെയേറെയാണ്. ഇതു കണക്കിലെടുത്തു കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഈ പദ്ധതിയില്‍ നിന്നും പിന്തിരിപ്പിക്കണം. കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പ്രധാന റെയില്‍വേ പദ്ധതികളാണ് നിലമ്പൂര്‍-നഞ്ചന്‍ഗോഡ്, മൈസൂരു തലശ്ശേരി റെയില്‍ പാത. ഈ രണ്ട് പദ്ധതികളും വയനാട് വരെ രണ്ടു പദ്ധതികളായി അവിടെ നിന്ന് മൈസൂരു വരെ ഒരു പദ്ധതിയായും നടപ്പിലാക്കിയാല്‍ സാമ്പത്തികമായി വളരെയേറെ ഗുണം ചെയ്യും.

കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് അനുകൂലമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനു കേന്ദ്രം സന്നദ്ധമാകണം. കേരളത്തിലെ ചെറിയ സ്‌റ്റേഷനുകളുടെ കാര്യം വളരെ പരിതാപകരമാണ് ഷൊര്‍ണൂര്‍ മംഗലാപുരം മേഖലയില്‍ ഇപ്പോഴത്തെ സ്പീഡ് ലിമിറ്റ് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇ.ടി പറഞ്ഞു. ബജറ്റില്‍ പാസാക്കുന്നത് നടപ്പിലാക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സാധ്യമാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്. കുറ്റിപ്പുറം റെയിവേ സ്‌റ്റേഷന് കെട്ടിടം പുതുക്കി നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും നടപ്പിലായിട്ടില്ല. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വളരെ വൈകിയാണെങ്കിലും ലിഫ്റ്റിന്റെ പ്രവര്‍ത്തിക്കായുള്ള ടെണ്ടര്‍ ചെയ്തിട്ടുണ്ട്. അതും വളരെ വൈകിയാണ് ചെയ്തത്.

റെയില്‍വേ ഭൂമിക്ക് സമീപം താമസിക്കുന്നവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും മറ്റും അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ വളരെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. റെയില്‍വേയില്‍ വലിയതോതിലുള്ള സ്വകാര്യവത്കരണം നടക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും എതിര്‍ക്കുന്നവരല്ല പക്ഷേ സ്വകാര്യവല്‍ക്കരണം വരുമ്പോള്‍ അതിന് നിയമപരമായി നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. കോവിഡ് കാലത്തിനു മുമ്പ് ഉണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിച്ചില്ല. മലപ്പുറം ജില്ലയുടെ റയില്‍വേ ആസ്ഥാനമായ തിരൂരില്‍ രാജധാനി ഉള്‍പ്പെടെയുള്ള പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്‌റ്റോപ്പില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനസഖ്യയുള്ള ജില്ലയിലെ പ്രധാനപ്പെട്ട തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

web desk 3: