X

കൊടിഞ്ഞി ഫൈസല്‍ വധം: രണ്ട് പേര്‍കൂടി അറസ്റ്റില്‍

തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കൃത്യം നിര്‍വഹിച്ച നാല് പേരില്‍ മൂന്ന് പേരും പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണി സ്വദേശി കുട്ടൂസ് എന്ന അപ്പു, തിരൂര്‍ പുല്ലൂണി സ്വദേശി സുധീഷ് എന്ന കുട്ടപ്പു എന്നിവരെയാണ് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പിടിയിലായ തിരൂര്‍ പൂല്ലൂണി സ്വദേശി പ്രജീഷ് എന്ന ബാബുവിനൊപ്പം കൃത്യത്തില്‍ പങ്കെടുത്തവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു.

 

ഇവരെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെ വള്ളിക്കുന്നില്‍ വെച്ചും മറ്റൊരാളെ തിരൂരില്‍ വെച്ചുമാണ് മലപ്പുറം ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനൊന്നായി. ഇത് വരെ അറസ്റ്റിലായവരെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്.

ഗൂഢാലോചനാ കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുമായ ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ മഞ്ചേരി ജയിലില്‍ റിമാന്റിലാണ്.

 
ഇപ്പോള്‍ പിടിയിലായ മൂന്ന് പേരും മറ്റൊരാളും ചേര്‍ന്നാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ട് ബൈക്കുകളിലായെത്തിയ സംഘത്തില്‍ ബൈക്ക് ഓടിച്ചവരും വെട്ടിയ ഒരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വെട്ടിയ മറ്റൊരാളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്ന് പേരെയും വെട്ടിന് ആളെ ഏര്‍പ്പാടാക്കിയ തിരൂരിലെ നാരായണനടക്കമുള്ളവര്‍ ഒളിവിലാണ്. ഇവരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മലപ്പുറം ഡി.വൈ.എസ്.പി പി പ്രദീപ് പറഞ്ഞു.

 
കഴിഞ്ഞ മാസം 19-നാണ് ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലിനെ ആര്‍.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മതം മാറിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്തവരെ മുഖമൂടി ധരിച്ചാണ് പൊലീസ് കോടതിയില്‍ ഹാജറാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

chandrika: