X

വ്യാജ സർട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്

കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ ‘ദേശാഭിമാനി’ വാർത്ത തള്ളി പൊലീസ്. അൻസിലിനു വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ‘ദേശാഭിമാനി’ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതിനു പിന്നാലെയായിരുന്നു പാർട്ടി മുഖപത്രത്തിൽ കെ.എസ്.യു നേതാവിനെതിരായ റിപ്പോർട്ട് വന്നത്. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നായിരുന്നു വാർത്ത. എന്നാൽ, ഇത്തരമൊരു കോഴ്‌സിൽ താൻ കോളജിൽ പഠിച്ചിട്ടു തന്നെയില്ലെന്ന് അൻസിൽ വിശദീകരിച്ചു. വാർത്തയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

അൻസിലിനെതിരായ പരാതി വ്യാജമാണെന്ന് ഇപ്പോൾ പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.

webdesk14: