X

ബ്രിജ്ഭൂഷണെതിരായ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ കര്‍ഷക സംഘടനകള്‍; ഖാപ് മഹാ പഞ്ചായത്തില്‍ ഇന്ന് ചേരും

ഗുസ്തി താരങ്ങളുടെ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും.
മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

5 ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികള്‍ ഇന്ന് മുസഫര്‍ നഗറില്‍ ചേരുന്ന ഭാപ് മഹാപഞ്ചായത്തില്‍ തീരുമാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഇന്നത്തെ ഭാപ് മഹാപഞ്ചായത്തില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരപ്രഖ്യാപനങ്ങള്‍ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും. ടിക്രി, സിംഘു, ഗാസിയാബാദ് അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാന്‍ മോര്‍ച്ച ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാല്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകള്‍ കൂടി രംഘത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്.

webdesk13: