X
    Categories: columns

കൃഷിയിടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോദി ഭരണകൂടം

കെ കുട്ടി അഹമ്മദ് കുട്ടി

അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്‍ ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്‍.

മോദിയില്‍നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്‍പറേറ്റുകള്‍ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി കോര്‍പറ്റേറ്റുകളുടെ സ്വപ്‌നകുമാരനായി അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്രമോദി രാജ്യത്തെ വിറ്റു തുലക്കുന്നത് ഇന്ത്യന്‍ ജനത കാണുന്നത് ഇതാദ്യമല്ല. കോര്‍പറേറ്റുകളുടെ ഇംഗിതത്തിനായി ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിച്ചും വിനാശകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും തന്റെ നിലനില്‍പ്പിനായി നിരവധി കോര്‍പറേറ്റ് ആവശ്യങ്ങള്‍ അദ്ദേഹം നിയമങ്ങളാക്കി. എത്രയോ ഉദാഹരണങ്ങള്‍ ഇതിനു തെളിവായി നിരത്താനാകും. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിലൂടെ സ്വന്തമായി ഔദ്യോഗിക വിമാനമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയുണ്ടായി. റെയില്‍വേ യാത്രാക്കൂലി ഉയര്‍ത്തിയെന്നു മാത്രമല്ല, റെയില്‍വേയെ സ്വകാര്യവത്കരിച്ചു.

ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്ന രാജ്യമായ ഇന്ത്യയെ ഉത്പന്ന പേറ്റന്റായി പരിവര്‍ത്തനപ്പെടുത്തുന്നതിലും സ്ട്രാറ്റജിക് മേഖലയെ ആയുധ നിര്‍മ്മാണത്തെ സ്വകാര്യവത്കരിക്കുന്നതിലും തുടങ്ങി ഒട്ടനവധി കോര്‍പറേറ്റ് പ്രീണന നടപടികള്‍ നിയമങ്ങളായി മാറ്റുന്നതില്‍ കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് നിഷ്പ്രയാസം വിജയിച്ച മോദി, രാജ്യത്തെ നശിപ്പിച്ചായാലും താന്‍ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനായി നില്‍ക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിനറിയാം തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും സൈന്യവുമായി ബന്ധപ്പെട്ടതുമായ കുറച്ചു വിഷയങ്ങള്‍ ചര്‍ച്ചക്കെത്തിച്ചാല്‍ അധികാരം നിലനിര്‍ത്താനാകുമെന്ന്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ തൃണവത്കരിച്ചുകൊണ്ട്, അവരുടെ നിയമപരമായ ആവശ്യമായ സെലക്ട് കമ്മിറ്റിക്ക് കര്‍ഷക ബില്ലുകള്‍ പാസ്സാക്കുന്നതിന്മുമ്പ് വിടണമെന്ന ആവശ്യത്തെ തള്ളി, സ്വേച്ഛാപരമായ മൂന്ന് ഓര്‍ഡിനന്‍സുകളും നിയമമാക്കി. എന്തുകൊണ്ടാണ് ഈ ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതെന്നു ആദ്യം നോക്കാം. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകരുടെ ജീവിതം എന്നെന്നേക്കുമായി കോര്‍പറേറ്റുകളുടെ കാല്‍ക്കല്‍ അടിയറവ്‌വെക്കുന്ന ഒട്ടനവധി നയങ്ങള്‍ ഒഴിവാക്കാനോ അല്ലെങ്കില്‍ ഭേദഗതി വരുത്താനോ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുമെന്നും തന്മൂലം കോര്‍പറേറ്റ് പ്രീണനം സാധിക്കില്ലായെന്നതാണ് മോദിയും ബി.ജെ.പിയും ധൃതിയില്‍ പാസ്സാക്കിയതെന്നു ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ബോധ്യമായതിന്റെ തെളിവാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്ന കര്‍ഷക സമരങ്ങള്‍.

കാര്‍ഷിക മേഖലയില്‍ നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യം നല്‍കി മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. സഭാചട്ടങ്ങളെ പച്ചയായി കൊല ചെയ്തും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയുമാണ് ബി.ജെ.പി തങ്ങളുടെ കോര്‍പറേറ്റ് പ്രീണനം സാധ്യമാക്കിയത്. മോദിയുടെ സ്വേച്ഛാപരമായ നടപടിയിലൂടെ ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിനു എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് 1.4 ബില്യണ്‍ കര്‍ഷകരാണുള്ളത്. അവരുടെ പങ്കാളിത്തമാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 15 ശതമാനവുമാണ്. പാസ്സാക്കിയ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായും കോര്‍പറേറ്റ് ആധിപത്യം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കും. ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ റൗണ്ട് മുതല്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കാര്‍ഷിക കമ്പോളങ്ങളുടെ നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, ഭക്ഷ്യവസ്തു സമാഹരണ മേഖല സ്വകാര്യ വത്കരിക്കല്‍, സബ്‌സിഡി എടുത്തുകളയല്‍, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതവസാനിപ്പിക്കല്‍ എന്നിവയെല്ലാം ഈ നിയമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയുടെ മരണമണിയാണ് എന്നതില്‍ സംശയമില്ല.

നിയമങ്ങള്‍ എങ്ങനെ കര്‍ഷക വിരുദ്ധമാകുമെന്നു പരിശോധിക്കാം. 1. കാര്‍ഷിക ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ടു. രാജ്യത്തെ കര്‍ഷകര്‍ ഏറെനാളായി തങ്ങളുടെ സമരങ്ങളിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും ബില്ലില്‍ പ്രതിഫിലിക്കുന്നില്ല. 2. ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനമായ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് റെക്കമെന്‍ഡേഷന്‍സ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലുള്‍പ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന്പറഞ്ഞാണ് വീണ്ടും ഭരണത്തിലെത്തിയത്. അതിലെ ഏറ്റവും പ്രധാന ശിപാര്‍ശതന്നെ താങ്ങുവില ഉത്പാദന ചെലവിന്റെ വെയ്‌റ്റേജ് 50 ശതമാനം ഉയര്‍ത്തണമെന്നാണ്. പാസ്സാക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രിത വില നിശ്ചയിക്കല്‍ തന്നെ ഒഴിവാക്കപ്പെടുന്നുവെന്നത് ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരുദാഹരണം മാത്രം. 3. നിലനില്‍ക്കുന്ന സര്‍ക്കാര്‍ കാര്‍ഷിക വില നിര്‍ണ്ണയം മേലില്‍ കോര്‍പറേറ്റ് കുത്തകകള്‍ നിര്‍വഹിക്കും.

ഗാന്ധിജി വിഭാവനം ചെയ്ത കാര്‍ഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാന ശിലയാണല്ലോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയും ശേഖരണ വിലയും. ഇവ വിഭാവനം ചെയ്തത് തന്നെ കര്‍ഷക രക്ഷക്കായാണ്. എന്നാല്‍ മേലില്‍ കാര്‍ഷിക വിലനിര്‍ണ്ണയം വ്യാവസായിക കുത്തകകളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നതിന്റെ നിയമ നടപടിയാണ് മോദി കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ നടപടികളിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കാര്‍ഷിക വിത്തിനങ്ങളുടെ വില പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ നിശ്ചയിക്കും. പരമ്പരാഗത വിത്തുകളുടെ പൊതു ഘടനയെന്നു പറയുന്നത് അവ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രകൃത്യായുള്ള പ്രത്യുല്‍പാദനശേഷി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ പരമ്പരാഗത വിത്തുകളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നത്മൂലം അവയുടെ പ്രത്യുത്പാദന ശേഷി ഒരു തവണയിലേക്ക് പരിമിതപ്പെടുത്തുന്നു.

തന്മൂലം വിത്തിനായി ഓരോ തവണയും കര്‍ഷകന്‍ കോര്‍പറേറ്റുകളെ സമീപിക്കേണ്ടിവരുമെന്നതിനാല്‍ ഇന്ത്യയുടെ പുകള്‍പെറ്റ പരമ്പരാഗത കൃഷി ആഗോള കുത്തക മേഖലയായി നിയമം വഴി മാറ്റപ്പെടും. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താല്‍പര്യം മാത്രമാണീ ബില്ലുകളിലുള്ളത്. അതിനാലാണ് ഈ ബില്ലിലെ വിശദാംശങ്ങള്‍ കരടായി മാതൃഭാഷയിലിറക്കി കര്‍ഷകരുമായോ അവരുടെ സംഘടനകളുടമായോ ചര്‍ച്ചചെയ്യാന്‍ മോദി തയ്യാറാകാതിരുന്നത്. 4. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റം. ഇന്ത്യന്‍ ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തില്‍ വരുന്ന സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. എന്നാല്‍, കേന്ദ്രം ഈ ബില്ല് പാസ്സാക്കാനായി ആവര്‍ത്തിക്കുന്ന വാദം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ്. ആയതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ, കര്‍ഷക സംഘടനകളുമായി ചര്‍ച്ചകള്‍ക്കോ മോദി തയ്യാറായില്ല. മാത്രമല്ല നിലവിലെ കാര്‍ഷിക വിപണന കേന്ദ്രങ്ങളായ ‘മാന്‍ഡിസ്’ അടച്ചുപൂട്ടപ്പെടുകയും ചെയ്യും. തന്മൂലം കര്‍ഷകരില്‍ നിയന്ത്രിക്കപ്പെട്ട സംവിധാനങ്ങള്‍ വീണ്ടും പഴയ കാലത്തിനു തുല്യമായി കുത്തകകള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കുമായി വഴിമാറും.

5. കാര്‍ഷിക കരാര്‍വത്കരണം ചെറുകിട കൃഷിക്കാരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ഇത് കരാര്‍ കൃഷിക്ക് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നു. തൊഴില്‍രംഗത്തെ കരാര്‍വത്കരണം പോലെ കാര്‍ഷികരംഗത്തും കരാര്‍ കൃഷി വ്യാപകമാകും. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിനും പരിപാലനത്തിനും പ്രത്യേക വകുപ്പുകള്‍ നിലവില്‍വരും. വിളകളുടെ ഉത്പാദനത്തന്മുമ്പായി കര്‍ഷകന്‍ കുത്തക വ്യാപാരികളുമായി ഗുണനിലവാരം, വിതരണം, വില എന്നിവയെപ്പറ്റി കരാറില്‍ ഏര്‍പ്പെടാം. കരാര്‍ വ്യവസ്ഥയില്‍ ഏതെങ്കിലും ലംഘനമുണ്ടായാല്‍ കര്‍ഷകന്‍ തകരും. വിത്തു പാകുമ്പോള്‍ മുതല്‍ വിളവെടുപ്പു വരെയുള്ള എല്ലാ റിസ്‌ക്കുകളും കര്‍ഷകന്റെ ചുമലിലാണ്. തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ സ്വാധീന ശക്തിയില്‍ പിടിച്ചുനില്‍ക്കാന്‍ പാവം കര്‍ഷകര്‍ക്ക് കഴിയില്ല. വന്‍കിടക്കാര്‍ക്ക് ഭൂമി ഉള്‍പ്പെടെ കാര്‍ഷികാവശ്യത്തിന് സൗജന്യമായി നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്. ഫലത്തില്‍ കാര്‍ഷിക വ്യവസ്ഥ രാജ്യത്തെ ചെറുകിട കര്‍ഷകന്‍ കളംവിടാന്‍ കാരണമാകുകയും കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കപ്പെടുകയും ചെയ്യും.

6. എസ്സന്‍ഷ്യല്‍ കമ്മേഡിറ്റീസ് അക്ട് ഭേദഗതി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രധാന ഉത്പന്നങ്ങളായ പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയെ ആവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നും ശേഖരണ പരിധിയില്‍നിന്നും പുതിയ നിയമം ഒഴിവാക്കും. തന്‍മൂലം രാജ്യത്തെ കാര്‍ഷിക മേഖലയെ പൂഴ്ത്തിവെപ്പിലേക്കും, ഊഹക്കച്ചവടത്തിലേക്കും നയിക്കും. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം എഫ്.സി.ഐയുടെ ഗോഡൗണുകളില്‍നിന്ന് കോര്‍പറേറ്റുകളുടെ സ്വകാര്യ ഗോഡൗണിലേക്കെത്തിച്ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും. ഉത്പാദകര്‍ക്ക് വിലക്കുറവും ഉപഭേക്താക്കള്‍ക്ക് വില വര്‍ധനവിലേക്കും ഇടനില കോര്‍പറേറ്റുകളുടെ അമിത ലാഭത്തിലേക്കും ഇത് നയിക്കും. ഇന്ത്യയില്‍ 2014-16ല്‍ ജനസംഖ്യയുടെ 27.8 ശതമാനം ഭക്ഷ്യ സുരക്ഷയില്ലാത്തവരായിരുന്നു. 2017-19ല്‍ അത് 31.6 ശതമാനമായി വളര്‍ന്നു.

മോദി ഭരണത്തില്‍ 48.86 കോടി വരുന്ന നമ്മുടെ സഹോദരങ്ങളെ ഭക്ഷ്യ സുരക്ഷയില്ലാത്തവരാക്കി. ലോകത്തിലെ ഭക്ഷ്യ സുരക്ഷയില്ലാത്ത ജന വിഭാഗങ്ങളില്‍ 22 ശതമാനവും നമ്മുടെ സഹോദരണങ്ങളാണെന്നത് മോദി ഭരണം നല്‍കിയ സംഭാവനയാണ്. പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തല്‍സ്ഥിതി വീണ്ടും വഷളാക്കുമെന്നതില്‍ സംശയമില്ല. 7. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെ അംഗീകരിക്കാത്ത നിയമങ്ങള്‍. കാര്‍ഷിക കടങ്ങള്‍ മൂലം മോദി ഭരണത്തിന്‍കീഴില്‍ ആത്മഹത്യകള്‍ പെരുകുമ്പോഴാണ് മോദി കോര്‍പറേറ്റ് പ്രീണന നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നത് മോദിയുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്. 2019 കണക്കുകള്‍പ്രകാരം മോദി ഭരണത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 10281 ആണ്. നിത്യ കൂലിക്കാരായ 32559 തൊഴിലാളികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടതാണ്. മാത്രമല്ല തൊഴില്‍ മേഖലയിലും അതുമൂലമുള്ള അലയൊലികളുണ്ടാകും. തൊഴില്‍സുരക്ഷതന്നെ ചോദ്യ ചിഹ്നമായി മാറും. തന്മൂലം രാജ്യത്തെ ആകമാനം കോര്‍പറേറ്റുകള്‍ക്കും തീറെഴുതി നല്‍കപ്പെടുമെന്നതില്‍ സംശയമില്ല.

മതേതരത്വ-ജനാധിപത്യ സംരക്ഷണ വാദികളും പൊതുജനവും കര്‍ഷക സമരങ്ങള്‍ക്ക് സഹകരണം പ്രഖ്യാപിക്കേണ്ടതുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ അവരെ മാത്രം ബാധിക്കുന്നവയല്ല. മറിച്ചു പരിപാവനമായ മാതൃരാജ്യത്തു നമുക്കോരോരുത്തര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോകാനുള്ള അവകാശങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടി കൂടിയാണിതെന്നോര്‍മ്മ ഉണ്ടാകേണ്ടതുണ്ട്.

 

web desk 3: