X
    Categories: CultureMoreViews

കര്‍ഷകസമരം ശക്തി പ്രാപിക്കുന്നു; ഞായറാഴ്ച ഭാരത ബന്ദ്

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകസമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച ഭാരത ബന്ദിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മഹാസംഘ് നേതാക്കള്‍ അറിയിച്ചു. വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ച സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിക്കുന്നത് കര്‍ഷകരെ അപമാനിക്കലാണെന്ന് മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷക നേതാവ് ശിവകുമാര്‍ ശര്‍മ പറഞ്ഞു. കര്‍ഷകരെ ഭിന്നിപ്പിച്ച് സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ തെരുവിലിറങ്ങേണ്ട സ്ഥിതി സൃഷ്ടിച്ചത് ആരാണെന്നും ശര്‍മ ചോദിച്ചു.

ഉല്‍പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാല്‍ തന്നെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കടക്കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള നടപടിയടക്കം ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: