X

സമരം കടുപ്പിച്ച് കർഷകർ

ന്യൂഡൽഹി: കർഷകസമരത്തിനിടെ പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ യുവകർഷകൻ കൊല്ലപ്പെട്ടത്തിനു പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ വിവിധ കർഷക സംഘടനകൾ തീരുമാനിച്ചു. ഇന്നു രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു.

26നു ദേശീയതലത്തിൽ ട്രാക്ടർ റാലി നടത്താനും മാർച്ച് 14നു ഡൽഹി രാംലീല മൈതാനത്തു മഹാപഞ്ചായത്ത് നടത്താനും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) തീരുമാനിച്ചിട്ടുണ്ട്. ‘ദില്ലി ചലോ’ മാർച്ചിൽ ഭാഗമല്ലാതിരുന്ന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം പുതിയ വഴിത്തിരിവിലെത്തി.

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവ ആഹ്വാനം ചെയ്ത ദില്ലി മാർച്ചിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. കർഷകന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം 2 ദിവസം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ആഭ്യന്തര മന്ത്രി അനിൽ വിജ് എന്നിവരെ പ്രതിചേർത്ത് കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പഞ്ചാബിൽനിന്നുള്ള കർഷകൻ കൊല്ലപ്പെട്ടതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവും രൂക്ഷമായി.

webdesk14: