X

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം; കര്‍ഷകര്‍ സമരം തുടരും

ഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകര്‍ സമരം തുടരും. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൃഷി നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുമായി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്.

നേരത്തെ, വിവാദ കൃഷി നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജ്ഞാന്‍ ഭവനില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച പതിവു പോലെ അലസിപ്പിരിയുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, നിയമങ്ങള്‍ മരവിപ്പിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ തള്ളി.

മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തില്‍ സമാന്തര കിസാന്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ സംഘടനാ നേതാക്കള്‍ ഇന്നലെ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാന്‍ തീരുമാനിച്ചത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകള്‍, നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നു വ്യക്തമാക്കി.

web desk 3: