X
    Categories: indiaNews

കര്‍ഷക മാര്‍ച്ചിനിടെ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡല്‍ഹി പൊലീസ്. 26കാരനായ ഹരിയാന സ്വദേശി നവദീപ് സിംഗിനെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ജലപീരങ്കിക്ക് മുകളില്‍ കയറി അത് ഓഫ് ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

കലാപശ്രമം, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷക മാര്‍ച്ചിനിടെ പ്രചരിച്ച ദൃശ്യങ്ങളില്‍ ഏറ്റവും ഐക്കോണിക്കായ രംഗമായിരുന്നു ഇത്. സമൂഹമാധ്യമങ്ങള്‍ ഒരു ഹീറോ പരിവേഷമാണ് നവദീപിനു നല്‍കിയത്.

‘ഞാന്‍ നിയമവിരുദ്ധമായ ഒരു കാര്യത്തിലും ഏര്‍പ്പെട്ടിട്ടില്ല. പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ സമര്‍പ്പണമാണ് ജലപീരങ്കി വാഹനത്തിനു മുകളില്‍ കയറി അത് ഓഫ് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ഞങ്ങള്‍. ഡല്‍ഹിയിലേക്ക് കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഞങ്ങളുടെ വഴി തടഞ്ഞു.’ നവദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

web desk 3: