X
    Categories: indiamain storiesNews

കര്‍ഷക ട്രാക്ടര്‍ റാലിയ്ക്ക് നേരെ പൊലീസ് അതിക്രമം; കണ്ണീര്‍വാതകം പ്രയോഗിച്ചു, സംഘര്‍ഷം

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍റാലിയ്ക്ക് നേരെ പൊലീസ് അതിക്രമം. കര്‍ഷകര്‍ക്ക് നേരെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

മുന്‍കൂര്‍ നിശ്ചയിച്ചതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് നടന്നത്. പലയിടത്തും ബാരിക്കേഡുകള്‍ തകര്‍ത്ത് റാലി മുന്നോട്ട് പോയി. റാലിയെ തടയാന്‍ നിരന്തരം പൊലീസ് ശ്രമിച്ചെങ്കിലും ഡല്‍ഹി അതിര്‍ത്തി കടന്ന് മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ക്കായി.

നേരത്തെ സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ഗ്രാന്‍സ്‌പോര്‍ട് നഗരില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് കര്‍ഷകരെ തടയാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആയിരകണക്കിന് പേരാണ് ആറുമേഖലകളില്‍ നിന്നായി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: