X

‘കെട്ടിയിടാന്‍ ഞാനെന്താ പോത്താണോ?’; കാശ്മീരില്‍ ജീപ്പിന് പിന്നില്‍ കെട്ടിയിട്ട ഫാറൂഖ് അഹമ്മദ് ധര്‍

ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്‍. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ മേജര്‍ നിതിന്‍ ഗൊഗോയെ ആദരിക്കാന്‍ കരസേനാ മേധാവി ഉത്തരവിട്ടിരിക്കുന്നതിന് പിന്നാലെയാണ് ഫാറൂഖിന്റെ പ്രതികരണം.

ജീപ്പിനു പിന്നില്‍ യുവാവിനെ കെട്ടിയിട്ടവരെ ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഫാറൂഖ് പറഞ്ഞു. ഇത് നിയമവിധേയമാക്കുന്ന ഏത് നിയമമാണ് ഇന്ത്യയിലുള്ളത്. തനിക്ക് കല്ലുപോലും പെറുക്കിയെടുക്കാനോ ആ മേജറിനോട് യുദ്ധം ചെയ്യാനോ കഴിയില്ലല്ലോ? ഇങ്ങനെ കെട്ടിയിടാനും ആളുകളുടെ മുന്നിലൂടെ പ്രദര്‍ശിപ്പിക്കാനും താനെന്താ വല്ല പോത്തോ കാളയോ മറ്റോ ആയിരുന്നോയെന്നും ഫാറുഖ് ചോദിക്കുന്നു. അന്നത്തെ സംഭവത്തിന് ശേഷം തന്റെ ദേഹം ഇപ്പോഴും വേദനിക്കുകയാണ്. ഒരിക്കലും താനിനി വോട്ടുചെയ്യില്ലെന്നും ഫാറൂഖ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് കരസേനാ മേധാവി രംഗത്തെത്തി.യുവാവിനെ കെട്ടിയിട്ടതിനല്ല നിതിന്‍ ഗൊഗോയെ ആദരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കി. ഇതിനെതിരെ കാശ്മീരിലെ പ്രതിപക്ഷമായ നാഷ്ണല്‍ കോണ്‍ഫറന്‍സും രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ നടപടിയെ ആദരിക്കുന്നത് അതിനെ അംഗീകരിക്കലാണെന്ന് അവര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കുന്നുപോലെയാണിതെന്ന് അവര്‍ പറഞ്ഞു.

ഏപ്രില്‍ 9-നാണ് സംഭവം. കാശ്മീരിലെ ബഡ്ഗാമിലെ ഖാന്‍സാബിബ് നിവാസിയായ ഫാറൂഖിനെ സൈന്യം ജീപ്പിനുപിന്നില്‍ കെട്ടിയിടുകയായിരുന്നു. കല്ലേറ് തടയാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു സൈന്യത്തിന്റെ ന്യായം. പൊരിവെയിലത്ത് യുവാവിനെ കെട്ടിയിട്ട് നിര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. നടപടി വിവാദമായതോടെ സൈനികനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ സൈനികന് പോലീസ് ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു.

chandrika: