X
    Categories: MoreViews

ഫാ.കുര്യാക്കോസിന്റെ കട്ടിലില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍; 100% കൊലയെന്നു സഹോദരന്‍

 

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ പ്രധാനസാക്ഷിയായ വൈദികന്‍ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന് പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ജലന്തര്‍ രൂപത അച്ചടക്കനടപടി സ്വീകരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് ദുരൂഹ സാഹചര്യത്തില്‍ ജലന്തറിലെ ദസൂയയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ കുര്‍ബാന അര്‍പ്പിച്ച് തിരിച്ചെത്തിയ വൈദീകന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ വൈദികനെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദീകനെ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

തനിക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് വൈദീകന്‍ തങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നതായി കുറിവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ അനുപമയും പറഞ്ഞു. ആദ്യം ജലന്തറിലെ ബോഗ്പൂരില്‍ ആയിരുന്ന വൈദീകനെ കന്യാസ്ത്രീയുടെ പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജലന്തര്‍ രൂപത ദസൂയയിലേക്ക് മാറ്റിയത്. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുത്ത വൈദീകരില്‍ പ്രധാനിയുമാണ് ഫാദര്‍ കുര്യാക്കോസ്. മരണം സംബന്ധിച്ച് ഈ ഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ നിലപാട്

അതേസമയം ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് അനുജന്‍ ജോസ് കാട്ടുതറ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവവും കേസും ജലന്തറിലായതിനാല്‍ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇക്കാര്യത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കും. ജലന്തര്‍ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മിഷണര്‍ ബിഷപ്പിന്റെ വലംകയ്യാണ്. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണു മരണം അറിയിച്ചത്. കുര്യാക്കോസ് അച്ചന്‍ മരിച്ചു, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്നു മാത്രമാണു പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതില്‍ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്. സദോഹദന്‍ പറഞ്ഞു.

chandrika: