X
    Categories: indiaNews

സ്‌കൂളില്‍ നിന്ന് ലഭിച്ച പണവും അരിയും അച്ഛന്‍ എടുത്തു; പത്തു കിലോമീറ്റര്‍ നടന്ന് കലക്ടര്‍ക്ക് പരാതി നല്‍കി പതിനൊന്നുകാരി

ഭുവനേശ്വര്‍:  സ്‌കൂളില്‍ നിന്ന് കിട്ടിയ പണവും അരിയും എടുത്ത അച്ഛനെതിരെ പരാതി നല്‍കി ആറാം ക്ലാസുകാരി. ഒഡീഷയിലാണ് സംഭവം. വീട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരം നടന്നാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം നടത്തി തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് കലക്ടര്‍ അറിയിച്ചു.

ഒഡീഷയിലെ ഡുകുക ഗ്രാമത്തില്‍ താമസിക്കുന്ന സുശ്രീ സംഗീത സേഥിയാണ് പിതാവ് രമേശ് ചന്ദ്ര സേഥിക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ പണവും അരിയും പിതാവ് തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് നല്‍കുന്ന പണം വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. എന്നാല്‍, തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പകരം പിതാവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയതെന്നും ആ അക്കൗണ്ടിലാണ് സര്‍ക്കാര്‍ പണം നിക്ഷേപിക്കുന്നതെന്നും കുട്ടി പരാതിയില്‍ സൂചിപ്പിക്കുന്നു.

പിതാവ് തന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കാറില്ലെന്നും പെണ്‍കുട്ടി കലക്ടറോട് പറഞ്ഞു. പരാതിയില്‍ കേട്ട ഉടന്‍ അനുവദിച്ച പണം ഉടന്‍ തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പണവും അരിയും വീണ്ടെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കലക്ടര്‍ ഉത്തരവിട്ടു.

രണ്ട് വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് പിതാവ് രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാല്‍, പിതാവോ രണ്ടാനമ്മയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.

 

web desk 1: