X
    Categories: MoreViews

പകര്‍ച്ച വ്യാധി മരണം 422; ചികിത്സ തേടിയത് 22.81 ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധതരം പനി കവര്‍ന്നത് 422 ജീവനുകള്‍. 22.81 ലക്ഷം പേരാണ് ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ചികിത്സ തേടി എത്തിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്.
പനി ബാധിച്ചു മരിച്ചത് 71 പേരാണ്. 24 പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു, 177 പേരുടെ മരണകാരണം ഡെങ്കിയെന്നു സംശയിക്കുന്നു. എലിപ്പനി ബാധിച്ച് 11 പേര്‍ മരിച്ചപ്പോള്‍, 51 പേരുടെ മരണകാരണം എലിപ്പനിയെന്നു സംശയിക്കുന്നു. ചിക്കന്‍ പോക്സ് ബാധിച്ച് ഒമ്പതു പേരും മഞ്ഞപ്പിത്തം ബാധിച്ച് ആറു പേരും, എച്ച്1എന്‍1 ബാധിച്ച് 70 പേരും മെനിഞ്ചൈറ്റീസ് ബാധിച്ച് രണ്ടു പേരും മരിച്ചു. കൂടാതെ മലേറിയ ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പനിമരണം സംഭവിച്ചത് തലസ്ഥാന ജില്ലയിലാണ്. 88 പേരാണ് തിരുവനന്തപുരത്ത് മരണപ്പെട്ടത്. ഇവരില്‍ 20 പേര്‍ പനി ബാധിച്ചും 51 പേര്‍ ഡങ്കി ബാധിച്ചുമാണ് മരണപ്പെട്ടത്. 75 പേര്‍ മരണപ്പെട്ട മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 18 പേര്‍ പനി ബാധിച്ചും 40 പേര്‍ ഡങ്കി ബാധിച്ചും മരിച്ചു. എലിപ്പനി ബാധിച്ച് ഏറ്റവും കുടുതല്‍ മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്, 14 പേര്‍. എച്ച്1എന്‍1 ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കൊല്ലം ജില്ലയിലാണ്, 15 പേര്‍.
പനി ബാധിച്ച് 21,90,931 പേരാണ് ഇക്കാലയളവില്‍ ചികിത്സ തേടിയത്. ഡെങ്കി ബാധിച്ച് 14,469 പേരും ഡെങ്കിയെന്നു സംശയിക്കുന്ന 51,288 പേരും എലിപ്പനി ബാധിച്ച് 850 പേരും എലിപ്പനിയെന്നു സംശയിക്കുന്ന 1,455 പേരും ചികിത്സ തേടി. മലേറിയ ബാധിച്ച് 501 പേരും ചിക്കന്‍ പോക്സ് ബാധിച്ച് 20,278 പേരും മഞ്ഞപ്പിത്തം ബാധിച്ച് 455 പേരും മെനിഞ്ചൈറ്റീസ് ബാധിച്ച് 4 പേരും ടൈഫോയിഡ് ബാധിച്ച് 406 പേരും എച്ച്1എന്‍1 ബാധിച്ച് 1247 പേരും ചികിത്സക്കായി എത്തി.
പനി ബാധിച്ച് ചികിത്സ തേടിയതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്, 3.37 ലക്ഷം പേര്‍. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 2.77 ലക്ഷം. ഡെങ്കിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടിയത് ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമേ ആരോഗ്യ വകുപ്പിന്റെ കൈയിലുള്ളൂ. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ഇത് ഇരട്ടിയാകും.
ഇക്കാലയളവില്‍ അട്ടപ്പാടിയില്‍ 15 ശിശുമരണങ്ങളുണ്ടായതായി മന്ത്രി എ.കെ.ബാലന്‍ സഭയില്‍ വെളിപ്പെടുത്തി. 2016 ല്‍ അഞ്ച് ശിശുക്കളും ഈ വര്‍ഷം 10 ശിശുക്കളും മരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് മരണം കൂടിയിട്ടും ശിശുമരണനിരക്ക് കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

chandrika: