X
    Categories: Video Stories

ഫാസിസത്തെ എതിര്‍ക്കണം: കെ.പി.എ മജീദ്

മനാമ : ഫാസിസത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മക്കേ കഴിയൂവെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. എഴുപതു വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാത്തോടനുബന്ധിച്ചു കെ എം സി സി ബഹ്‌റൈന്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പറഞ്ഞകാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാധാന്യം ഇന്ന് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം എഴുപതു വര്‍ഷങ്ങളായി . രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദന രംഗത്ത് നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് പ്രവര്‍ത്തനം നടത്തുകയും രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തതു സര്‍വെന്‍ഡ്യാ ലീഗായിരുന്നു. രാജ്യത്തിന് പൂര്‍ണ സ്വരാജ് വേണമെന്ന് പ്രമേയം പാസ്സാക്കിയതും സര്‍വെന്‍ഡ്യാ മുസ്ലിം ലീഗായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ‘ഭരണ കര്‍ത്താക്കള്‍ക്കുപോലും ഒന്നും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വ്യാപകമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായി.ആയിരക്കണക്കിനാളുകള്‍ സ്വന്തം മണ്ണില്‍ നിന്നും കുഞ്ഞുങ്ങളോടൊപ്പം എല്ലാം നഷ്ടപ്പെട്ടു രാജ്യം വിട്ടുപോകേണ്ട സാഹചര്യമുണ്ടായി.അങ്ങനെ വളരെ പ്രയാസകരമായിട്ടുള്ള സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ യോഗം കല്‍ക്കത്തയില്‍ വച്ച് വിളിക്കുവാന്‍ തീരുമാനിച്ചത്.കല്‍ക്കത്തയില്‍ യോഗം വിളിക്കുമ്പോള്‍ ഇന്ത്യയില്‍ മുസ്ലിം പാര്‍ട്ടി പിരിച്ചുവിടണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.ആ യോഗത്തില്‍ പങ്കെടുത്തിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ മദ്രാസ് പ്രവിശ്യയില്‍ നിന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ,കെ.എം സീതി സാഹിബുമാണ് പങ്കെടുത്തിരുന്നത്
ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദളിതുകള്‍ക്കെതിരായി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായി വ്യാപകമായി അക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ പൈതൃകത്തിനെതിരായി,അതിന്റെ സ്വഭാവത്തിനെതിരായിട്ടുള്ള നിലപാട് ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കുകയും അധികാരത്തില്‍ തുടരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ്.രാജ്യത്ത് ഒരൊറ്റ മതം മതിയെന്നും,ഒരൊറ്റ സംസ്‌കാരം മതിയെന്നും,ഒരൊറ്റ ‘ഭാഷ മതിയെന്നും പറയാനുള്ള കാര്യത്തിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു വെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതിനെതിരെ എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോവണം. രാജ്യത്ത് ദേശീയതക്ക് ഏറ്റവും പ്രധാനപാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.കോണ്‍ഗ്രസ്സിനുമാത്രമേ എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ളൂ.മറ്റെല്ലാം പ്രാദേശിക പാര്‍ട്ടികളാണ്.അതാത് പ്രദേശത്തുള്ള പാര്‍ട്ടികളും ഒന്നായി നിന്ന് കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐക്യത്തോട് കൂടി മുന്നോട്ട് പോകണമെന്നാണ് ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന് പറയാനുള്ളത്-അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി.രാജ്യത്തെവിടെയെങ്കിലും മുസ്ലിം സമുദായം തലയുയര്‍ത്തി അഭിമാനപൂര്‍വ്വം ജീവിക്കുന്നുവെങ്കില്‍ അത് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ,ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: