X

എന്‍.സി.പിയില്‍ പോര് രൂക്ഷം; സമ്മേളന പോസ്റ്ററില്‍ നിന്ന് എം.എല്‍.എയുടെ തലവെട്ടി

ആലപ്പുഴ: പി.സി ചാക്കോ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെ ആരംഭിച്ച എന്‍.സി.പിയിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. 24ന് കൊച്ചിയില്‍ ആരംഭിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളത്തിന്റെ പ്രചാരണ പോസ്റ്ററില്‍ നിന്നാണ് പി.സി ചാക്കോ വിരുദ്ധ പക്ഷത്തുള്ള എം.എല്‍.എ തോമസ് കെ. തോമസിന്റെത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വ്യാപകമായി വെട്ടിമാറ്റിയത്.

ചാക്കോയുടെ നോമിനിയായി ദേശീയ നേതൃത്വത്തിലെത്തിയ ഹോട്ടല്‍ വ്യവസായി റെജി ചെറിയാനെ ദേശീയാധ്യക്ഷന്‍ ശരത് പവാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തരം താഴ്ത്തിയതാണ് പോര് മുറുകാന്‍ കാരണമായത്.

ഒരാഴ്ച മുമ്പ് നടന്ന ആലപ്പുഴ ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വെച്ച് തോമസ് കെ തോമസ് എം. എല്‍.എയെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ചാക്കോയുടെ അനുകൂലികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് റെജിചെറിയാനെ തരംതാഴ്ത്തല്‍ നടപടിയിലേക്കെത്തിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോസ്റ്ററില്‍ നിന്നും എം.എല്‍.എയുടെ തലവെട്ടിമാറ്റിയതിന് പിന്നില്‍ റെജി ചെറിയാനാണെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. കായംകുളത്ത് സ്ഥാപിച്ച ബോര്‍ഡുകളില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എ, സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദ് എന്നിവരുടെ ചിത്രങ്ങളാണ് വെട്ടിമാറ്റിയത്.

എന്നാല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പോസ്റ്ററില്‍, പി.സി ചാക്കോയുടെ നോമിനിയായ റെജി ചെറിയാന്റെ ചിത്രങ്ങളില്ലായിരുന്നെന്നാണ് മറുപക്ഷം പറയുന്നത്.

web desk 3: