X

സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയത്: കുമ്മനം

തിരുവനന്തപുരം: സഹകരണ മേഖലയിലും ട്രഷറികളിലും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നോട്ട് പിന്‍വലിക്കല്‍ സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നടപടിയാണ്. അത് സമീപ ഭാവിയില്‍തന്നെ പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണകരമാകും. പുതിയ സാഹചര്യത്തില്‍ കേന്ദ്രവും റിസര്‍വ് ബാങ്കുമായി യുദ്ധപ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയില്‍ എത്തിക്കാനാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും ശ്രമിച്ചത്.

സഹകരണ മേഖലയിലെ പണമിടപാടുകള്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കു വിധേയമാക്കണമെന്ന നിര്‍ദേശം അവഗണിച്ച സര്‍ക്കാരിനു വൈകി വിവേകം ഉണ്ടായിരിക്കുകയാണ്. സര്‍വകക്ഷി യോഗത്തിലും നിയമസഭയിലെ ചര്‍ച്ചയിലും ബിജെപിയുടെ നിര്‍ദേശത്തെ അവഗണിക്കുകയും അവഹേളിക്കുകയുമാണു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം 10 ദിവസം മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് തുക അനുവദിച്ചിട്ടും സംസ്ഥാനത്തെ ട്രഷറികളില്‍, പ്രത്യേകിച്ച് മലബാറില്‍ കാലിയാക്കിയതിനു പിന്നില്‍ ആരാണെന്നു പരിശോധിക്കണമെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

chandrika: