X

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു

അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖമമാക്കാന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്. ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെടുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന് പകരം മൊബൈലില്‍ ഡിജിറ്റല്‍ ഐഡി കാണിച്ചാല്‍ മതിയാകും.

ഫിന്‍ എയര്‍, ഫിന്നിഷ് പൊലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ 2024 ഫെബ്രുവരി വരെ ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് നടത്തും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ. ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം.

തുടര്‍ന്ന് യാത്രക്കാര്‍ വാന്റാ മെയിന്‍ പോലീസ് സ്‌റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതിന് ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്‌പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം. ഓരോ യാത്ര പുറപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറിയിരിക്കണം.

നിരവധി രാജ്യങ്ങള്‍ സമാനമായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡുമായി യോജിച്ച്, പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവരും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021ല്‍, യുക്രെയ്ന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന്റെ അതേ നിയമപരമായ പദവി നല്‍കിയിരുന്നു.

കോവിഡ്19 പരിശോധനാ ഫലങ്ങളും യാത്രക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ രേഖകളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടായ ഹെല്‍ത്ത്‌സെര്‍ട്‌സ് 2021 ഫെബ്രുവരിയിലാണ് സിംഗപ്പൂര്‍ അവതരിപ്പിച്ചത്. കൂടാതെ, ചൈന, എസ്‌റ്റോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ 2023 ജൂണ്‍ 24ന് പാസ്‌പോര്‍ട്ട് സേവാ ദിനത്തില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇപാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

webdesk13: