X

ദുരൂഹതയേറുന്നു; തീയണയ്ക്കാന്‍ വൈകി; ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്‌റ്റേഷന്‍ ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയാണിപ്പോള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായ ഉടന്‍ തീയണയ്ക്കാന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തുനിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് പറയുന്ന വിശദീകരണം.

സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്‌സ് വാഹനം ക്യാമ്പ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ തുടരുന്നത്.

തീപിടുത്തത്തില്‍ ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.

chandrika: