X

കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ 5 മരണം; വെടിയുതിര്‍ത്തത് പൊലീസല്ലെന്ന് അഭ്യന്തര മന്ത്രി

മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിനെത്തുടര്‍ന്ന് പ്രശ്‌ന ബാധിത പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവെച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ സുരക്ഷാ സേനയാണ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

ഉള്ളി, സവാള എന്നിവയടക്കമുള്ള സാധനങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനിടെ പൊലീസ് നേരെ കല്ലെറിഞ്ഞതായും വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.

chandrika: