X

വൈറലാകാന്‍ വേണ്ടി പൊലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ ഉണ്ടാക്കിയ അഞ്ച് യുവാക്കള്‍ പിടിയില്‍

സമൂഹ മാധ്യമത്തില്‍ വൈറലാകാനായി പൊലീസ് സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ സ്‌റ്റേഷന്‍ കെട്ടിടത്തില്‍ ബോംബിടുന്ന രീതിയില്‍ വിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടില്‍ മുഹമ്മദ് റിയാസ്(25), ചൊക്രന്‍ വീട്ടില്‍ മുഹമ്മദ് ഫവാസ്(22), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസ്മിന്‍(19), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍(20), മേലേടത്ത് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(19) എന്നിവരെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്‌റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ലൈക്ക് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.

ലഹള സൃഷ്ടിക്കല്‍, സമൂഹ മാധ്യമം വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മേലാറ്റൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐ ഷരീഫ്, സിപിഒമാരായ രാജന്‍, സുരേന്ദ്ര ബാബു, വിനോദ്, രാകേഷ് ചന്ദ്ര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

webdesk13: