X
    Categories: HealthMore

കോവിഡ് ഭക്ഷണത്തിലൂടെ പകരുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് എങ്ങനെയൊക്കെ പകരുമെന്ന ചിന്ത ഇപ്പോള്‍ ആളുകളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിലൂടെ കോവിഡ് ശരീരത്തിലെത്തുമോ എന്നത് പലര്‍ക്കുമുള്ള പ്രധാനപ്പെട്ട സംശയമാണ്. ഭക്ഷണത്തിലൂടെ കോവിഡ് പകരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വൈറസ് പറ്റിപ്പിടിച്ച ഭക്ഷണ പാക്കറ്റുകളോ പാത്രങ്ങളോ സ്പര്‍ശിക്കുന്നതു വഴി വൈറസ് വായിലേക്കും കണ്ണിലേക്കും മൂക്കിലേക്കും പകരാമെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുഎന്‍, ലോകാരോഗ്യ സംഘടന എന്നീ വിദഗ്ധ സമിതികള്‍ സൂചിപ്പിച്ചിരുന്നു.

കോവിഡ് ബാധിതനായ ആളില്‍ നിന്നുള്ള സ്രവകണങ്ങള്‍ ഭക്ഷണത്തില്‍ കലരാനിടയായാല്‍, ഭക്ഷണം രോഗവാഹകരാവാനും ഇതുമായി ഇടപഴകുന്ന ആളുകള്‍ കൈ കഴുകാതെ അശ്രദ്ധമായി കണ്ണിലും മുഖത്തുമൊക്കെ സ്പര്‍ശിച്ചാല്‍ അവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.

ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പോലെ അടച്ചിട്ട, എസി പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. തിരക്ക് കുറഞ്ഞ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഷോപ്പിങ്ങിനായി തിരക്ക് കുറഞ്ഞ സമയം തെരഞ്ഞെടുത്താലും മതി.

അതുപോലെ തന്നെ പുറമെ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വൃത്തിയാക്കാതെ വെച്ചാല്‍ ഫ്രോസണ്‍ അവസ്ഥയില്‍ ഏതാണ്ട് രണ്ടുവര്‍ഷം വരെ വൈറസ് ജീവനോടെ ഇരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊറോണ മാത്രമല്ല, മറ്റു പല വൈറസുകളും തണുപ്പില്‍ നശിക്കാതെ ഇരിക്കുന്നവയാണ്. അതുകൊണ്ട് ഉടന്‍ പാകം ചെയ്യുന്നില്ലെങ്കില്‍ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: