X

വ്യാജരേഖ: തെറ്റ് ചെയ്തത് വിദ്യയെന്ന് മന്ത്രി ആര്‍.ബിന്ദു

സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും എന്നാല്‍ കോളജോ പ്രിന്‍സിപ്പളോ കുറ്റക്കാരല്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം താന്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ വാദിച്ചു. മഹാരാജാസ് കോളജിന്റെ പേരില്‍ എവിടെയും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മാധ്യമങ്ങളില്‍ കാണുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യില്‍ അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. കോളജിന്റെ ലെറ്റര്‍പാഡ്, സീല്‍, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് കോളജില്‍ ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആര്‍ജിഎം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യയുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാര്‍ ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. പാലക്കാട് പത്തിരിപ്പാല ഗവ. കോളേജ്, കാസര്‍കോട് കരിന്തളം ഗവ. കോളേജ് എന്നിവിടങ്ങളും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കാന്‍ എസ്എഫ്‌ഐ നേതൃത്വം സഹായം നല്‍കി എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2017-18 കാലത്ത് മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പാനലില്‍ പിജി റെപ് ആയിരുന്നു വിദ്യ. കാലടി സര്‍വകലാശാലയിലെ എംഫില്‍ പഠനക്കാലത്ത് എസ്എഫ്‌ഐ പാനലില്‍ വിജയിച്ച് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

 

webdesk14: