X

ശക്തമായ മഴയില്‍ നാലു മരണം, മൂന്നു പേരെ കാണാതായി; വ്യാപക നാശനഷ്ടം:വ്യാഴാഴ്ചവരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഇതുവരെ നാല് മരണമാണ് രേഖപ്പെടുത്തിയപ്പോള്‍ മൂന്നുപേരെ കാണാതുമായി. അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച്ചവരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്.

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തന്‍കുന്ന് കല്യാണി (85) സ്വന്തം പറമ്പില്‍ മരത്തിനടിയില്‍പെട്ടു മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി സായ്മഠത്തിനു സമീപം ആവത്താന്‍ വീട്ടില്‍ റജീഷ് കുമാറിന്റെ മകന്‍ വൈഷ്ണവ് (17) വെള്ളക്കെട്ട് കടന്നു പോകവെ ബൈക്കില്‍നിന്നു വീണു ബസിനടിയില്‍പെട്ടു മരിച്ചു.

കണ്ണൂരില്‍ പേരാവൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ ഓട്ടോയ്ക്കു മുകളില്‍ മരം വീണാണ് ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകള്‍ സിതാര (20) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു.ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (60) പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റാണു മരിച്ചത്.

പാലക്കാട് ആലത്തൂര്‍ കാവശേരി വാവുള്ളിപുരം അബൂബക്കറിന്റെ മകന്‍ ആഷിക്കിനെ (22) നെല്ലിയാമ്പതിയില്‍ കാണാതായി. മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴ കറുത്താമകത്ത് ഷാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹ് (ഏഴ്) കടലുണ്ടിപ്പുഴയിലെ മാതാപ്പുഴ കടവില്‍ ഒഴുക്കില്‍പെട്ടു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ ബൈജു (31) ശനിയാഴ്ചയാണ് അച്ചന്‍കോവിലാറ്റില്‍ അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്തു കടവില്‍ ഒഴുക്കില്‍പെട്ടത്.

അതേസമയം, ആലപ്പുഴ തുറവൂര്‍ തീരദേശ റെയില്‍ പാളത്തില്‍ മരം വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടു. ചന്തിരൂരിന് സമീപമായിരുന്നു സംഭവം. റെയില്‍വേയുടെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഗതാഗതം നിലച്ചു. ഇതോടെ മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതേസമയം, കനത്ത മഴയില്‍ ഇരുന്നൂറിലേറെ വീടുകള്‍ സംസ്ഥാനൊത്താട്ടാകെ തകര്‍ന്നതായാണ് പ്രാഥമിക വിവരം. തീരമേഖലയിലും മലയോരമേഖലയിലും കനത്ത നാശനഷ്ടമാണ് മഴ സൃഷ്ടിച്ചിട്ടുളളത്.ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുകവാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.

 

chandrika: