X

ഇനി ഞാന്‍ കുറച്ച് കരഞ്ഞോട്ടെ….ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി

ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി.

വിട.

“പ്രിയപ്പെട്ട ടി. ഇ. അബ്ദുള്ള വിളിച്ചാല്‍ വിളി കേള്‍ക്കാത്ത അകലത്തിലേക്ക് മറഞ്ഞിരിക്കുന്നു.സദാ തെളിഞ്ഞൊഴുകിയിരുന്ന സ്‌നേഹത്തിന്റെ ഉറവ വറ്റിയിരിക്കുന്നു.
ഭൂതകാലത്തിന്റെ നന്മകളില്‍ ഉറച്ചു നിന്നു കൊണ്ടായിരുന്നു ടി ഇ അബ്ദുള്ള വര്‍ത്തമാനത്തില്‍ വ്യാപരിച്ചിരുന്നത്.ദേശത്തിന്റെ ചരിത്രം സൂക്ഷിപ്പുകാരനെയാണ് കാസര്‍കോടിന് നഷ്ടപ്പെട്ടുപോയിരിക്കുന്നത് .മുസ്ലിംലീഗിന് പക്വമതിയായ ഒരു ജനകീയ നേതാവിനെയും.ടി ഇ യുടെ ഒന്ന് തൊട്ടാല്‍ തുറക്കുന്ന ഓര്‍മ്മച്ചെപ്പ് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു.

ഒരു നഗര പിതാവ് എന്ന നിലയില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്നില്ല ടി ഇ അബ്ദുള്ളയുടെ അതിരുകളില്ലാത്ത ആശയങ്ങളും അറിവും ഊര്‍ജ്ജവും.സ്‌നേഹം കൊടുത്തും വാങ്ങിയും കഴിഞ്ഞ അര നൂറ്റാണ്ടിന്റെ സൗഹൃദം ഇനി ഓര്‍മ്മകളില്‍ മാത്രം.ടി ഇ അബ്ദുള്ള എത്ര പെട്ടെന്നാണ് ഒരു സൗഹൃദം കുരുത്തുണ്ടാക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
അക്ഷരങ്ങളെ എപ്പോഴും ചേര്‍ത്തു നിര്‍ത്തി. സുഹൃത്തുക്കള്‍ക്ക് വിലപ്പെട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. പിതാവ് ടി എ ഇബ്രാഹിം തന്നെയായിരുന്നു മകന്റെയും റോള്‍മോഡല്‍. ഒരുമാസം മുമ്പ് ഇതുപോലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ക്ഷീണിതനായി കിടക്കുമ്പോഴാണ് കെ പി ഉണ്ണികൃഷ്ണന്റെ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ എന്ന പുസ്തകം മാതൃഭൂമി ബുക്‌സില്‍ നിന്ന് വാങ്ങിപ്പിച്ചു അയച്ചു തന്നത് .അന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടേ ഉണ്ടായിരുന്നുള്ളൂ.സത്യത്തില്‍ പഴയ കഥകള്‍ പലതും മറക്കാതിരിക്കുന്നത് ടി ഇ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നത് കൊണ്ടായിരുന്നു.

ടി ഇ അബ്ദുല്ലയുടെകൂടെ യാത്ര ചെയ്യുന്നത് ഒരു അനുഭവംതന്നെയായിരുന്നു .ബാംഗ്ലൂരില്‍, മുംബൈയില്‍, ചിക്കമഗലൂരില്‍ തിരുവനന്തപുരത്ത്……
ഒരിക്കല്‍ ടി ഇ അബ്ദുള്ളയും എം എസ് മുഹമ്മദ് കുഞ്ഞിയും ബി ഉമ്മറും ഞാനും കൂടി ഒരു അംബാസഡര്‍ കാറില്‍ കര്‍ണാടക മുഴുവന്‍ കറങ്ങാന്‍ പോയി .ഒരു പ്ലാനും ഇല്ലാതെ കുറേ ദിവസം.ആ യാത്രയില്‍ ആറേഴു വലിയ അണക്കെട്ടുകളും പവര്‍ സ്റ്റേഷനുകളുമാണ് കണ്ടത് .
ജോഗിലെ പ്രസിദ്ധമായ വെള്ളച്ചാട്ടവും ട്രോളിയില്‍ ചെങ്കുത്തായി ഇറങ്ങാന്‍ ആരും ഭയപ്പെടുന്ന പവര്‍ സ്റ്റേഷനും അടുത്തകാലത്തും
ടി ഇ അബ്ദുള്ള ഓര്‍മ്മപ്പെടുത്തി. ഞങ്ങള്‍ പരസ്പരം സന്തോഷവും ദുഃഖങ്ങളും നിരാശകളും പങ്കുവെച്ചു. ഇനി സങ്കടങ്ങള്‍ കൈമാറാന്‍ ടി ഇ ഉണ്ടാവില്ല.
ബാംഗ്ലൂരില്‍ കീമോയുടെ ഭീകരതയെക്കുറിച്ച് പറഞ്ഞ് നെടുവീര്‍പ്പിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ടി ഇ അബ്ദുള്ളയെ ദുരന്തം മറ്റൊരു രൂപത്തില്‍ കാത്തിരിക്കുകയാണെന്ന് അറിഞ്ഞില്ല.കോഴിക്കോട് നിന്ന് ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ഞാന്‍ വീല്‍ചെയറില്‍ ആണെങ്കിലും ഒന്ന് ടി ഇയെ പോയി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു .അവന്‍ അതിന് അനുവദിച്ചില്ല. എന്നും ഒരു നിഴലുപോലെ കൂടെ ഉണ്ടായിരുന്ന ഗഫൂറിനോട് നമുക്ക് റഹ്മാന്‍ച്ചാനെ കാണാന്‍ പോകണമെന്ന് പറഞ്ഞു. ഇല്ല, വരാന്‍പറ്റിയില്ല, കോഴിക്കോട്ടേക്കാണ് ടി ഇ പോയത്. ഇനി മനസ്സ് നിറയെ സ്‌നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്‍ നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്‍ കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ…..”

റഹ്മാന്‍ തായലങ്ങാടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

 

 

Chandrika Web: