X

വിമാനത്തില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്ജം വീടുകളില്‍ പതിച്ചു; അന്വേഷണത്തിന് ഉത്തരവിട്ടു

representative image

ന്യൂഡല്‍ഹി: വിമാനങ്ങള്‍ തലക്കു മുകളിലൂടെ പറക്കുമ്പോള്‍ ഓടിയൊളിക്കേണ്ടി വരുമോ. വേണ്ടി വരുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ദക്ഷിണ ഡല്‍ഹിയിലെ ഭവനങ്ങള്‍ക്കു മുകളില്‍ വിമാനത്തില്‍ നിന്നും മനുഷ്യ വിസര്‍ജ്ജം പുറന്തള്ളിയതായാണ് പരാതി. മുന്‍ സൈനികന്‍ നല്‍കിയ പരാതിയില്‍ വിശദമായ പരിശോധനക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. റിട്ടയേര്‍ഡ് ലഫ്.ജനറല്‍ സത്‌വന്ത് സിങ് ദാഹിയയാണ് വിമാനക്കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചത്. വിമാനം പറക്കുന്നതിനിടെ മനുഷ്യ വിസര്‍ജ്യം വീടുകള്‍ക്കു മുകളിലേക്കു തള്ളിയെന്നാണ് പരാതി. സംഭവം മുതിര്‍ന്ന പരിസ്ഥിതി എഞ്ചിനീയറുടെ നേതൃത്വത്തി ല്‍ പരിശോധിക്കാനും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ സാമ്പിളുകള്‍ ശേഖരിക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങളോടും സംഭവത്തി ല്‍ രണ്ടാഴ്ചക്കകം പ്രതികരണം അറിയിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങളുടെ ശോച്യാലയങ്ങളില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യം പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിക്കാറുള്ളത്. വിമാനം ലാന്റ് ചെയ്തതിനു ശേഷം ഇത് പിന്നീട് നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ദക്ഷിണ ഡല്‍ഹിയിലെ തന്റെ വസതിയുടെ ടെറസിലും ചുമരിലുമായി മലം ചിതറിക്കിടക്കുകയാണെന്നും ഇത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും രാത്രി പുറപ്പെടുന്ന വിമാനങ്ങളില്‍ നിന്നും പുറം തള്ളുന്നതാണെന്നുമാണ് ഹര്‍ജിക്കാരന്റെ പരാതി. കഴിഞ്ഞ വര്‍ഷവും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് 50,000 രൂപ ചെലവിട്ട് വീട് വീണ്ടും പെയിന്റ് ചെയ്യേണ്ടി വന്നതായും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ച തന്നെ പോലുള്ളവര്‍ക്ക് വിമാനക്കമ്പനികള്‍ കാണിക്കുന്ന കൊള്ളരുതായ്മയുടെ ഫലമായി ഇത്രയും തുക താങ്ങാനാവുന്നില്ലെന്നും അതിനാല്‍ കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നും സത്‌വന്ത് സിങ് ദാഹിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Web Desk: