X

ജഡ്ജി നിയമനം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശിപാര്‍ശകള്‍ നടപ്പാക്കാത്തതിനാണ് കേന്ദ്രത്തെ കോടതി വിമര്‍ശിച്ചിരിക്കുന്നത്.
കൊളീജിയം ശിപാര്‍ശകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് തിരിച്ചയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് ചീഫ് ജസ്റ്റീസ് ടി.എസ് താക്കൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതില്‍ അടയിരിക്കുകയാണ്. ഇങ്ങനെപോയാല്‍ കോടതികള്‍ അടച്ചുപൂട്ടേണ്ടി വരും.
നിയമവ്യവസ്ഥയെ തളര്‍ത്തുന്നതാണ് ഭരണാധികാരികളുടെ നിഷ്‌ക്രിയത്വം. ഈ സാഹചര്യം അനുവദിക്കാനാകില്ല. സര്‍ക്കാറിന്റെ നിലപാട് മാറ്റിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതരെ വിളിച്ചുവരുത്തും. രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് ചിന്തിക്കൂവെന്നും കോടതി പറഞ്ഞു. കേസ് നവംബര്‍ പതിതൊന്നിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ 75 പേരുടെ പട്ടിക കൊളീജിയം ശിപാര്‍ശ ചെയ്തതാണ്. ഇതുവരെ അതില്‍ നടപടിയുണ്ടായിട്ടില്ല. 24 ഹൈക്കോടതികളിലെ 450 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.
കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. എന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത്? സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതോ? ജുഡീഷ്യറിയിലെ ആളുകളുടെ എണ്ണം കുറയ്ക്കാനോ? ജസ്റ്റിസ് താക്കൂര്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാറിന്റേത് നിരുത്തരവാദ സമീപനമാണെന്നും ഒഴിവു നികത്തിയില്ലെങ്കില്‍ കോടതികള്‍ അടച്ചു പൂട്ടേണ്ടിവരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
ഇപ്പോള്‍ തന്നെ പകുതിയിലധികം ഹൈക്കോടതികളിലും ആവശ്യത്തിന് ജഡ്ജിമാരില്ല. കോടതികള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാക്കരുത്. കര്‍ണാടക ഹൈക്കോടതിയില്‍ ഒരു നിലയിലെ എല്ലാ കോടതികളും ജഡ്ജിമാരില്ലാത്തതിനാല്‍ അടച്ചുപൂട്ടി. അലഹബാദ് ഹൈക്കോതിയിലേക്കായി 18 പേരാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.
എന്നാല്‍ അതില്‍ നിന്ന് നിങ്ങള്‍ തെരഞ്ഞെടുത്തത് 2 പേരെ മാത്രം. ഇത് ഈഗോ ക്ലാഷോ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങളോ ആകാമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് നിങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ നിങ്ങള്‍ ഇങ്ങനെ തന്നെയാണ് മുന്നോട്ട് പോകാന്‍ തുനിയുന്നതെങ്കില്‍ ഞങ്ങള്‍ ഒരു അഞ്ചംഗ ബെഞ്ചിനെ നിയമിക്കും, താക്കൂര്‍ വ്യക്തമാക്കി.
ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതി കൊളീജിയത്തില്‍ നിന്നും മാറ്റി ജുഡീഷ്യല്‍ നിയമന കമ്മിഷന് വിടാനുള്ള കേന്ദ്രനീക്കം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാറും പലതവണ കൊമ്പുകോര്‍ക്കുകയും ചെയ്തു.

chandrika: