X
    Categories: MoreViews

ഖത്തറില്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട്: കരട് നിയമത്തിന് അംഗീകാരം

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്.

‘ദ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ് ഇന്‍ഷുറന്‍സ് ഫണ്ട്’ എന്ന പേരിലായിരിക്കും ഫണ്ട് രൂപീകരിക്കുക. നിയമപരമായ ചട്ടക്കൂടിനുള്ളില്‍ സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഫണ്ട് മന്ത്രിസഭയുടെ കീഴിലായിരിക്കും. തൊഴിലാളികളെ പിന്തുണക്കാനും ഇന്‍ഷുറന്‍സ് നല്‍കാനുമുള്ള സുസ്ഥിര സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വേതനങ്ങള്‍ തടസപ്പെടുകയും മുടങ്ങുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതും ഫണ്ട് രൂപീകരണത്തിന്റെ ലക്ഷ്യമാണ്. തൊഴിലുടമയില്‍ നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുന്‍പുതന്നെ തര്‍ക്ക പരിഹാര കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം വേതന കുടിശിക നല്‍കുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്നതും ഫണ്ടിന്റെ ലക്ഷ്യമാണ്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിലെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച ഏഴാം നമ്പര്‍ വ്യവസ്ഥയിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതി ചെയ്ത 2017 ലെ ഒന്നാം നമ്പര്‍ നിയമത്തില്‍ 2004ലെ 14ാം നമ്പര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ എക്‌സിറ്റ് സംബന്ധിച്ചുള്ള സംവിധാനമാണ് ഭേദഗതിയിലുള്ളത്. ചരക്ക് സാധനങ്ങളുടെ റോഡ് ഗതാഗതം സംബന്ധിച്ച കരാറിനും അംഗീകാരം ലഭിച്ചു. ചരക്കുകളുടെ യാത്രാ ദൂരവും ഗതാഗത ചെലവും കുറയ്ക്കാനാകും. ഹ്രസ്വകാലത്തേക്ക് സ്വകാര്യ പാര്‍പ്പിട സമുച്ചയം വാടകക്ക് നല്‍കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയുടെ കത്തിന്മേല്‍ ഉചിതമായ നടപടികളെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.

chandrika: