X

കേരളത്തിലേത് മനുഷ്യ നിര്‍മിത ദുരന്തമെന്ന് ഗാഡ്ഗില്‍

പൂനെ: കേരളത്തിലെ വെള്ളപ്പൊക്കം മനുഷ്യ നിര്‍മിത ദുരന്തമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍. പതിറ്റാണ്ടുകളായി തുടരുന്ന അനധികൃത പാറ ഖനനത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നതെന്ന് ബംഗളൂരു ഐ. ഐ.എസിലെ സെ ന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സ് സ്ഥാപകന്‍ കൂടിയായ ഗാഡ്ഗില്‍ പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത പരിസ്ഥിതി നയമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണം. അനധികൃത ഖനനത്തിന് പുറമെ ടൂറിസത്തിന്റെ പേരില്‍ വനഭൂമി കൈയ്യേറി കൂണു പോലെ ടൂറിസം ഹബ്ബുകള്‍ സ്ഥാപിക്കുന്നത്, സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റം എന്നിവയൊക്കെ ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന മിക്ക ഭാഗങ്ങളും പരിസ്ഥിതി വിദഗ്ധര്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളാണെന്ന് കണ്ടെത്തിയവയാണെന്നും ഗാഡ്ഗില്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2011ല്‍ സമര്‍പ്പിച്ചപ്പോള്‍ തങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. മാറി മാറി വന്ന സര്‍ക്കാറുകള്‍ ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
കല്ല് ഖനനം നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടാകുമെന്ന് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഇതാണ് കേരളത്തില്‍ കാണുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തില്‍ 1650 പ്രദേശങ്ങളില്‍ കല്ല്, പാറ ഖനനം നടക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ 150 എണ്ണം മാത്രമാണ് അനുമതി ലഭിച്ചവ എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാറുകള്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അതീവ ദുഖമുണ്ടെന്ന് പറഞ്ഞ ഗാഡ്ഗില്‍ സര്‍ക്കാര്‍ നിലവിലെ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. ഏറെ വൈകിയെങ്കിലും ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: