X

‘ഞങ്ങളുടെ മകനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുപോയതെന്തിന് ‘

മുക്കം: ‘ഗെയില്‍ സമരമുഖത്തും ഹര്‍ത്താല്‍ അക്രമങ്ങളിലുമൊന്നും കാഴ്ചക്കാരനായി പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഞങ്ങളുടെ മകനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയതെന്തിന്? ഞങ്ങള്‍ എന്ത് തെറ്റു ചെയ്തു? ഞങ്ങള്‍ക്കിവിടെ ജീവിച്ചുകൂടേ ‘ നെല്ലിക്കാപറമ്പ് ഉച്ചക്കാവില്‍ അബ്ദുസ്സലാമിന്റെയും ആയിഷയുടെയും കുടുംബാംഗങ്ങളുടെയും ദീനരോദനമാണിത്. ഗെയില്‍ സമരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഹര്‍ത്താലില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നേര്‍ക്കാഴ്ചകളില്‍ ഒന്നു മാത്രം. ഇത്തരം അനുഭവങ്ങള്‍ ഈ പ്രദേശത്തുകാരായ ഒട്ടേറെ പേര്‍ക്ക് പറയാനുണ്ട്. അബ്ദുസ്സലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരി നബീലിനെ (24) യാണ് പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയിലിട്ട്
മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൂക്കിയെടുത്ത് കൊണ്ടുപോയി ലോക്കപ്പിലിട്ടത്. വീട്ടുമുറ്റത്തായിരുന്ന നബീലിന്റെ പിതൃസഹോദരന്റെ ഭാര്യ ഷമീന അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുന്‍ ഭാഗത്തെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അടുക്കള ഭാഗത്തു കൂടിയാണ് പൊലീസുകാര്‍ കയറിയത്. ഇതിനിടെ വീടിന്റെ ജനലുകള്‍ തച്ചുടക്കുകയും ചെയ്തു. പുറത്ത് കുളിമുറിയില്‍ പൊലീസ് തുടരെ മുട്ടിയപ്പോള്‍ കുളിക്കുകയായിരുന്ന വേലക്കാരി ലക്ഷ്മി ഇറങ്ങി ഓടിയത് വെറും ഒറ്റ മുണ്ടുടുത്ത്. സിനിമയെ വെല്ലുന്ന അനുഭവം പറയുമ്പോള്‍ വീട്ടുകാര്‍ക്ക് മായാത്ത ഭീതിയും പിടിച്ചു കൊണ്ടുപോയ മകനെക്കുറിച്ചുള്ള അടങ്ങാത്ത വിതുമ്പലുമായിരുന്നു. ‘ വീട്ടില്‍ ടി.വി. കണ്ടിരിക്കുമ്പോള്‍ അയല്‍വീട്ടിലെ സഹോദരന്‍ വിളിച്ചതായിരുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ മുന്‍വശത്തെ റോഡില്‍ നിറയെ പൊലീസുകാരെ കണ്ടു. ചാനലുകാരുടെ വാഹനങ്ങളുമുണ്ട്. പൊലീസുകാര്‍ ഹര്‍ത്താലുകാരെ ഓടിക്കുകയാണ്. പൊലീസിനെ പേടിച്ച് നബീല്‍ വീടിനകത്തേക്കും ഷമീന അടുത്ത വീട്ടിലേക്കും ഓടി. പൊലീസ് അടുക്കള ഭാഗത്തു കൂടി അകത്തു കയറി മകനെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു – ഞങ്ങള്‍ ഓടിയെത്തി പൊലീസിന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞുപറഞ്ഞു-ഞങ്ങളുടെ മകന്‍ ഗയില്‍ സമരത്തില്‍ കാഴ്ചക്കാരനായി പോലും പോയിട്ടില്ലെന്നും, ഹര്‍ത്താലില്‍ ഒരക്രമവും പ്രവര്‍ത്തിച്ചിട്ടില്ലെന്നും. പക്ഷേ പൊലീസ് സമ്മതിച്ചില്ല . ഞങ്ങളെന്ത് തെറ്റു ചെയ്തു? മകന്‍ എന്ത് പിഴച്ചു? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട പൊലീസ് ഇങ്ങനെയായാല്‍ ഇവിടെ ഇനി പേടിക്കാതെ ജീവിക്കാനാകുമോ? ഇതാ, ഇത് കണ്ടോ ‘തല്ലിച്ചതച്ച നിലയിലാണ് വൈകുന്നേരം കുട്ടിയെ തിരിച്ചു തന്നത്. ഈ പരിക്കും വേദനയും എന്നാണ് മാറുക, കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. ‘ സലാമും ആയിഷയും ഷമീനയും കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

chandrika: