X

ജി.സി.സി ഉച്ചകോടി ഇന്ന്; പ്രതീക്ഷയോടെ ഗൾഫ്

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) 41-ാമത് ഉച്ചകോടി നടക്കുന്ന സാംസ്‌കാരിക നഗരമായ അൽ ഉലയിൽ സജ്ജീകരിച്ച വേദി

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി) 41-ാമത് ഉച്ചകോടി ഇന്ന് സഊദി സാംസ്‌കാരിക നഗരമായ അൽ ഉലയിൽ നടക്കും. കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നര വർഷമായി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് സഊദിയും യു.എ.ഇയും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ക്രിയാത്മക ഇടപെടലിലൂടെ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈനിലായിരുന്നു നേരത്തെ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വേദി സഊദിയിലേക്ക് മാറ്റിയതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപകമായ ശേഷം ഇതാദ്യമായാണ് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ടെത്തുന്നത്. ജി 20 ഉച്ചകോടിയെല്ലാം കോവിഡ് നിയന്ത്രണം മൂലം വിർച്വൽ പ്ലാറ്റ്‌ഫോമിലായിരുന്നു ഒത്തുചേർന്നിരുന്നത്. കോവിഡ് വ്യാപനത്തെ കർശനമായ മുൻകരുതൽ നടപടികളിലൂടെ നിയന്ത്രിക്കാൻ സാധിച്ച സാഹചര്യത്തിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾ തമ്മിൽ ഏകീകൃത നിലപാടുകളും നടപടികളും ആവശ്യമെന്ന് ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ് വ്യക്തമാക്കിയിരുന്നു. ഗൾഫ് പൊതു വിപണി, കസ്റ്റംസ് യൂണിയൻ, ഇൻറർകണക്റ്റീവ് പവർ ഗ്രിഡ്, സ്വതന്ത്ര മൂലധന പ്രസ്ഥാനം, ഗൾഫ് റെയിൽവേ അതോറിറ്റി തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.

zamil: