X
    Categories: Newsworld

ഉരുക്കുകോട്ടയില്‍ ട്രംപ് വീണു; ജോര്‍ജിയ കടന്ന് ബൈഡന്‍ അധികാരത്തിലേക്ക്

വാഷിങ്ടണ്‍: റിപ്പബ്ലിക്കക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ജോര്‍ജിയ സ്‌റ്റേറ്റില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഞെട്ടിക്കുന്ന തിരിച്ചടി. 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈന്‍ 1096 വോട്ടുകള്‍ക്ക് മുമ്പിലാണ് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജിയയില്‍ 16 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്.

ഇ-മെയില്‍ വോട്ടുകളാണ് ഇനി ജോര്‍ജിയയില്‍ എണ്ണാനുള്ളത്. സൈനിക ബാലറ്റുകളും എണ്ണാനുണ്ട്. മെയില്‍ ബാലറ്റുകള്‍ സാധാരണഗതിയില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. അതു കൊണ്ടു തന്നെ ജോര്‍ജിയ ബൈഡന്‍ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.

ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ. രണ്ടെണ്ണം 1976ലും 1980ലുമാണ്, നാട്ടുകാരനായ ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായി മത്സരിച്ച വേളയില്‍. (96കാരനായ ജിമ്മി കാര്‍ട്ടര്‍ ഇപ്പോഴും ജോര്‍ജിയയില്‍ ജീവിച്ചിരിക്കുന്നുണ്ട്). 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് 5.1 ശതമാനം അധികവോട്ടാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 2012ല്‍ മിറ്റ് റോംനി 7.82 ശതമാനം വോട്ടു കിട്ടിയാണ് ജയിച്ചത്.

ജോര്‍ജിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണ് ബൈഡന് തുണയായത് എന്ന് കരുതപ്പെടുന്നു. 32 ശതമാനമാണ് ഇവിടെ കറുത്തവര്‍ഗക്കാരുടെ വോട്ട്. കടുത്ത വംശീയവാദിയായ ട്രംപിന് അതു കൊണ്ടു തന്നെ ഈ വോട്ടുകള്‍ ഒന്നും കിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുമുണ്ട്.

253 ഇടത്താണ് ഇതുവരെ ബൈഡന്‍ ജയമുറപ്പിച്ചിട്ടുള്ളത്. അരിസോണ സ്‌റ്റേറ്റ് കൂടി ചേര്‍ക്കുകയാണ് എങ്കില്‍ 264. 270 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

20 ഇലക്ടോറല്‍ വോട്ടുള്ള പെന്‍സില്‍വാനിയയില്‍ ട്രംപുമായുള്ള വോട്ടിന്റെ അന്തരം ബൈഡന്‍ കുറച്ചു കൊണ്ടുവരുന്നുണ്ട്. ആറു വോട്ടുള്ള നെവാഡയില്‍ ബൈഡന്‍ കുറച്ചു വോട്ടുകള്‍ക്ക് മുമ്പിലാണ്. 11 വോട്ടുള്ള അരിസോണയിലും ബൈഡന്‍ തന്നെയാണ് മുമ്പില്‍. 15 വോട്ടുകളുള്ള നോര്‍ത്ത് കരോലിന, മൂന്നു വോട്ടുള്ള അലാസ്‌ക എന്നിവിടങ്ങളില്‍ ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്.

Test User: