X

ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണക്കുന്ന ജൂതസംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി

കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്.

ഫലസ്തീനികള്‍ക്കു നേരെ അക്രമം നടത്തുന്ന ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനും തുറന്നുകാട്ടാനും ഉപരോധിക്കാനും ആവശ്യപ്പെടുന്ന ‘ബി.ഡി.എസ്’ പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഈ നീക്കത്തിനു കാരണമെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ജര്‍മനിയില്‍ ഒരു ജൂത സംഘടനയുടെ അക്കൗണ്ട് പൂട്ടുന്നത്.

ഫലസ്തീനികള്‍ക്കു നേരെ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെതിരെ ആഗോള തലത്തില്‍ പ്രതികരിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരുമടക്കം നിരവധി പേര്‍ ഇതില്‍ സജീവ പങ്കാളികളാണ്. സമാധാനപരമായ പ്രതിഷേധങ്ങളും പ്രചരണങ്ങളുമാണ് ബി.ഡി.എസ് നടത്താറുള്ളത്.

സമാധാന പ്രിയരായ ജൂതമത വിശ്വാസികളുടെ സംഘടനയായ ജെ.വി.ജെ.പിക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ ശാഖകളുണ്ട്. ജൂതമതത്തിന്റെ പേരിലുള്ള ഇസ്രാഈല്‍ അതിക്രമങ്ങളെ ഇവര്‍ തുറന്നെതിര്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിലധികമായി ജര്‍മനിയില്‍ ജെ.വി.ജെ.പി നടത്തിവരുന്ന സമാധാനപരമായ പ്രതികരണങ്ങള്‍ക്കെതിരെ ജറൂസലം പോസ്റ്റ് പത്രം വ്യാപക പ്രചരണമാണ് അഴിച്ചുവിട്ടിരുന്നത്. ജെ.വി.ജെ.പി ഹമാസ് അനുകൂല സംഘടനയാണെന്നും ജൂതവിരോധികളാണെന്നും ജറൂസലം പോസ്റ്റ് ലേഖകന്‍ ബെന്‍യാമിന്‍ വീന്‍താല്‍ തുടര്‍ച്ചയായി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് തക്ക തെളിവുകള്‍ നിരത്താന്‍ വീന്‍താലിന് കഴിഞ്ഞിരുന്നില്ല. ബി.ഡി.എസ് പ്രസ്ഥാനത്തിന് യൂറോപ്യന്‍ യൂണിയനില്‍ വിലക്കില്ലെന്ന് ഇ.യു വിദേശകാര്യ വക്താവ് ഫെഡറിക്ക മോഗറിനി വ്യക്തമാക്കിയിരുന്നു.

ബഹിഷ്‌കരണ പ്രസ്ഥാനം ഇസ്രാഈല്‍ രാജ്യത്തെ തകര്‍ക്കാന്‍ ഉതകുന്നതാണെന്നും അതില്‍ പങ്കാളികളായതു കൊണ്ടാണ് അക്കൗണ്ട് പൂട്ടുന്നതും ജെ.വി.ജെ.പിക്ക് നല്‍കിയ വിശദീകരണത്തില്‍ ബാങ്ക് വ്യക്തമാക്കുന്നു. സംഘടനക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെയായിരുന്നു അക്കൗണ്ട് പൂട്ടല്‍ നടപടി.

പാക്‌സ് ക്രിസ്തി, ആണവ യുദ്ധത്തിനെതിരായ അന്താരാഷ്ട്ര ഫിസിഷ്യന്മാരുടെ സംഘടന, അന്താരാഷ്ട്ര മനുഷ്യാവകാശ ലീഗ് തുടങ്ങിയ സംഘടനകള്‍ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

chandrika: