X
    Categories: Video Stories

സലഫി ചാരിറ്റിയുമായി ബന്ധം; ജര്‍മന്‍ ക്ലബ്ബ് ഫുട്‌ബോളറെ പുറത്താക്കി

അനീസ് ബിന്‍ ഹതീറ

ബെര്‍ലിന്‍: ചാരിറ്റി സംഘടനയായ അന്‍സാര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചതിന് ഫുട്‌ബോളര്‍ അനീസ് ബിന്‍ ഹതീറയെ ജര്‍മന്‍ ക്ലബ്ബ് ദാംസ്റ്റാത് പുറത്താക്കി. സലഫി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ ആരോപിക്കുന്ന അന്‍സാറിനു വേണ്ടി ബിന്‍ ഹതീറ പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ക്ലബ്ബ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബിന്‍ ഹതീറ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് കളിക്കാരനുമായുള്ള കരാര്‍ ക്ലബ്ബ് അവസാനിപ്പിക്കുകയായിരുന്നു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ വീഡിയോ –
അനീസ് ബിന്‍ ഹതീറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്‌

ബെര്‍ലിനില്‍ ജനിച്ച തുനീഷ്യന്‍പൗരനായ ബിന്‍ ഹതീറക്ക് ചാരിറ്റി സംഘടനയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ചില വലതുപക്ഷ രാഷ്ട്രീയക്കാരും ദാംസ്റ്റാത് ക്ലബ്ബിന്റെ ആരാധകരും രംഗത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ച ടീമിന്റെ ഹോം മത്സരത്തിനിടെ ചാരിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ ആരാധകര്‍ വിതരണം ചെയ്തു. തീവ്രവാദി സലഫിസ്റ്റുകളുമായി അന്‍സാര്‍ ഇന്റര്‍നാഷണലിന് അടുത്ത ബന്ധമാണുള്ളതെന്നും സിറിയയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് അവര്‍ സഹായം ചെയ്യുന്നുണ്ടെന്ന് സംശയിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. അനീസ് ബിന്‍ ഹതീറയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കണമെന്ന് ലഘുലേഖയില്‍ ഉണ്ടായിരുന്നില്ല.

ഇസ്ലാം സ്വീകരിച്ച മുന്‍ റാപ്പ് ഗായകന്‍ അബ്ദുറഹ്മാന്‍ കൈസര്‍ 2012-ലാണ് അന്‍സാര്‍ ഇന്റര്‍നാഷണല്‍ സ്ഥാപിച്ചത്. സിറിയയിലെ അലപ്പോയിലും ഇദ്‌ലിബിലുമായി 20 ഭക്ഷണ സ്‌റ്റോറുകള്‍ ഇവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിറിയക്കു പുറമെ ഘാന, സൊമാലിയ, ഫലസ്തീന്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കിണറുകളും സ്‌കൂളുകളും പള്ളികളും നിര്‍മിക്കുകയാണ് ഇവരുടെ പ്രധാന പരിപാടികള്‍. ജര്‍മനിയില്‍ ഖുര്‍ആനും ഇസ്‌ലാമിനെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്ത അന്‍സാര്‍ വലതുപക്ഷ രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചിരുന്നു. ചാരിറ്റിയുടെ മറവില്‍ സലഫി തീവ്രവാദം വളര്‍ത്തുകയാണ് ഇവരുടെ രീതികളെന്ന് ആരോപണമുയര്‍ന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: