X

യുപി തെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി ഇടഞ്ഞ് യോഗിയുടെ സംഘടന

ലക്‌നൗ: അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ബി.ജെ.പിക്ക് പാളയത്തില്‍ പട തലവേദനയാവുന്നു. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം നേതൃത്വം നല്‍കുന്ന ഹിന്ദു യുവ വാഹിനി സംഘടന സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കിഴക്കന്‍ യുപിയിലെ 64 മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് ഭീഷണി.

ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനറായാണ് അഞ്ചു തവണ എം.പിയായിരുന്ന യോഗിയെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നത്. 2001ലാണ് അദ്ദേഹം ഹിന്ദു യുവ വാഹിനി എന്ന സംഘടനക്ക് നേതൃത്വം നല്‍കിയത്. വിദ്വേഷ പരാമര്‍ശങ്ങളുമായി കളം നിറയുന്ന യോഗി പാര്‍ട്ടിയെ പലകുറി പ്രതിരോധത്തിലാക്കിയിരുന്നു. കിഴക്കന്‍ യുപിയിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും കാര്യങ്ങള്‍ യോഗിയുടെ വഴിക്കല്ല നടന്നിരുന്നത്. ഇതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

അതേസമയം ഹിന്ദു യുവ വാഹിനിയുടെ ഭീഷണിയെ യോഗി ആദിത്യനാഥ് തന്നെ എതിര്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രംഗം കലക്കേണ്ടെന്ന് കരുതിയാണ്. അതേസമയം ബി.ജെ.പി വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിറുത്താതെയാണ് ബി.ജെ.പി പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. നേരത്തെ സ്മൃതി ഇറാനിയുടെ അടുപ്പക്കാരിക്ക് സീറ്റ് നല്‍കിയതിന് ഗൗരിഗഞ്ചില്‍ ബൂത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ രാജി ഭീഷണി മുഴക്കിയിരുന്നു.

ഇവര്‍ സ്മൃതിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ നിര നേതാക്കന്മാരെ വരെ പരിഗണിക്കുന്നുണ്ടെങ്കിലും സമയവായത്തിലെത്താനായിട്ടില്ല.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകളും നേരിടുന്നു. അഭിമാനപ്പോരാട്ടമായാണ് യുപി തെരഞ്ഞെടുപ്പിനെ ബി.ജെ.പി നോക്കിക്കാണുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ്. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

chandrika: