X

ബജറ്റ് സമ്മേളനത്തിന് തുടക്കമായി: ഗവര്‍ണറെ സ്വീകരിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണറും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നടക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പോര് അയഞ്ഞതോടെ മയപ്പെട്ട ഇരുവരുടെയും സഹകരണത്തെ സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹാസിച്ചു.

സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടു. സുസ്ഥിര വികസന സൂചികകളില്‍ കേരളം മുന്നിലാണെന്നും സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളര്‍ച്ച നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്.

ഡിജിറ്റല്‍ ടെക്‌നോളജിക്കല്‍ പുരോഗതി, യുവാക്കള്‍ക്ക് മാന്യമായ തൊഴിലവസരം, തുല്യമായ സാമൂഹിക അവസരങ്ങള്‍, വയോജന സംരക്ഷണം,സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം മുന്നിട്ടു നില്‍ക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു.

സുസ്ഥിര വികസനത്തിലും കേരളം മുന്നിലാണ്. അതീവ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമങ്ങളെ വിലക്കുമ്പോള്‍ സംസ്ഥാനം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു. ജനാധിപത്യ സമൂഹം പുലരാന്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

കടപരിധി നിയന്ത്രിക്കുന്നതിനും ഒ.ബി.സി സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിനും കേന്ദ്രത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗത്തില്‍ വായിച്ചു.

നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറു മുതല്‍ എട്ടു വരെയാണ് ബജറ്റ് പൊതുചര്‍ച്ച.

മാര്‍ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.

webdesk13: