X

വിശപ്പു സൂചികയില്‍ പാകിസ്ഥാനും നേപ്പാളിനും പിന്നില്‍ ഇന്ത്യ; മികച്ച പ്രകടനം ‘മോദിജി’യെന്ന് പ്രശാന്ത് ഭൂഷണ്‍

 

ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനത്തെ ചൊല്ലി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പരിഹാസം. സൂചികയില്‍ ഇന്ത്യ പാകിസ്താനും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലാണ്. ‘ജിഡിപി വളര്‍ച്ചയില്‍ ബംഗ്ലാദേശിന് പിന്നില്‍ പോയതിന് പിന്നാലെ ലോക വിശപ്പ് സൂചികയില്‍ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഏതാണ്ട് ഏറ്റവും അടിയിലെത്തിയിരിക്കുകയാണ് ഇന്ത്യ. മികച്ച പ്രകടനം മോദി ജി’-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം പേരും പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. മൊത്തം ജനസംഖ്യയുടെ കണക്കെടുത്താല്‍ 18 കോടിയില്‍ അധികം വരുമിത്. അതിഭീകരമായ പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആഗോള വിശപ്പ് സൂചിക ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും നേരത്തെ ഐഎംഎഫ് വിലയിരുത്തിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

web desk 1: