X
    Categories: CultureFilm

‘ഇനി മലയാള സിനിമയില്‍ പാടില്ല’; ഞെട്ടിക്കുന്ന തീരുമാനവുമായി വിജയ് യേശുദാസ്

കൊച്ചി: ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്. മലയാള മനോരമ പ്രസിദ്ധീകരണമായ വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.- വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മലയാള സംഗീത ലോകത്തേക്ക് പിച്ചവച്ച വിജയിക്ക് നല്ല അവസരങ്ങളാണ് മലയാള സിനിമയില്‍ ലഭിച്ചിരുന്നത്. അതേസമയം അദ്ദേഹത്തിനെതിരെ വ്യക്തിപരമായ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

യേശുദാസിന്റെ മകന്‍ എന്നതിലപ്പുറം സ്വന്തം പ്രതിഭകൊണ്ട് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ വിജയിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയ് മികച്ച ഗാനങ്ങള്‍ ആലപിച്ചിരുന്നു. ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജിയിയുടെ കരിയറിലുള്ളത്. അടുത്തിടെ ധനുഷ് നായകനായ ‘മാരി’യിലെ വില്ലന്‍ വേഷത്തിലൂടെ വിജയ് അഭിനയത്തിലും സജീവമായി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: