X

കൊയ്‌ലോ അടിച്ചു, കട്ടിമണി കാത്തു; ഗോവക്ക് പുനര്‍ജനി

പൂനെ: എഫ്.സി ഗോവ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ആയുസ് നീട്ടിയെടുത്തു. ബാലേവാടി സ്‌റ്റേഡിയത്തില്‍ ആവേശം വിതറിയ പോരാട്ടത്തില്‍ ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം റാഫേല്‍ കൊയ്‌ലോ നേടിയ ഏക ഗോളിന് ഗോവ പൂനെയെ തോല്‍പ്പിച്ചു. പരാജയങ്ങളുടെ പരമ്പരയുമായി ചാമ്പ്യന്‍ഷിപ്പില്‍ പുറത്തേക്കുളള വാതിലില്‍ നില്‍ക്കുകയായിരുന്ന സീക്കോയുടെ ടീം അതിവേഗ ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യവും മൈതാനത്ത് പ്രകടമാക്കിയാണ് വിജയവും മൂന്ന് പോയന്റും സ്വന്തമാക്കിയത്. മുപ്പത്തിരണ്ടാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് കൊയ്‌ലോ പായിച്ച ഫ്രീകിക്ക് പൂനെ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്തുകയായിരുന്നു. വിജയം വഴി ഗോവക്കാര്‍ ടേബിളിലെ അവസാന സ്ഥാനത്ത് നിന്നും ഒരു പ്രൊമോഷനുമായി ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ പൂനെക്കാര്‍ അവസാന സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ടു. ലക്ഷ്മികാന്ത് കട്ടിമണി എന്ന ഇന്ത്യന്‍ ഗോള്‍ക്കീപ്പറായിരുന്നു കളത്തിലെ ഗോവന്‍ കേമന്‍. ഗോളെന്നുറപ്പിച്ച മൂന്നോളം അവസരങ്ങള്‍ തട്ടിയകറ്റിയ കട്ടിമണിക്ക് പക്ഷേ കളിയിലെ കേമന്‍പ്പട്ടം കിട്ടിയില്ല. അത് ഗോള്‍വേട്ടക്കാരന്‍ കൊയ്‌ലോക്കായിരുന്നു. പൂനെക്കാര്‍ സ്വന്തം മൈതാനത്ത്, റിതിക് റോഷനെ സാക്ഷിയാക്കി ആവേശത്തോടെ കളിച്ചിരുന്നു. ഗോള്‍ മാത്രം അകന്നു.

chandrika: