X

പിടിതരാതെ സ്വര്‍ണം; വില ഇടിഞ്ഞു

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി. ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് വ്യാഴാഴ്ച വരെയുള്ള തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,400 രൂപ രേഖപ്പെടുത്തി. തുടര്‍ന്ന് വില ഗണ്യമായി ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതിന്റെ പ്രതീതിയാണ് കഴിഞ്ഞ മൂന്നുദിവസമായി കണ്ടുവന്നത്.

 

web desk 3: