X

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി പണമിടപാട്; സംശയ നിഴലില്‍ നാല് മന്ത്രിമാര്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സംസ്ഥാനത്തെ നാലു മന്ത്രിമാര്‍ക്ക് പണമിടപാടുള്ളതായി പ്രതികളുടെ മൊഴി. പ്രതികള്‍ കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നേരത്തെ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സമര്‍പ്പിച്ച രഹസ്യരേഖയിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതിയും പരാമര്‍ശിച്ചിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്നും വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളില്‍ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയില്‍ നല്‍കിയത്. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇത്തരക്കാരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനാ പദവിയിലുള്ള ഉന്നതനും സ്വര്‍ണ, ഡോളര്‍ കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സരിത് നേരത്തെ മൊഴി നല്‍കിയിരുന്നു. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. ആരോപണവിധേയനായ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നാലു മന്ത്രിമാര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

web desk 1: