X

നടപടികളില്ലാതെ സര്‍ക്കാര്‍; ആറുവര്‍ഷത്തിനിടെ കടിയേറ്റത് എട്ട് ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാരിന്റെ നിസംഗതയില്‍ മാറ്റമില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍, പേവിഷ ബാധ മൂലമുള്ള മരണങ്ങള്‍ എന്നിവ കൂടി പരിഗണിക്കുമ്പോള്‍ മരണനിരക്ക് ഇനിയും ഉയരും.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ വിഷത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വന്ധ്യംകരണത്തിലൂടെ തെരുവ് നായകള്‍ പെറ്റുപെരുകുന്നത് ഒഴിവാക്കാനാകുമെന്നും അതിലൂടെ പരിഹാരം കാണാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തില്‍ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് തെരുവ് നായ നിയന്ത്രണത്തിന് യാതൊരു സംവിധാനങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. തരുവുനായ ശല്യം പരിഹരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദാസീനത കാണിച്ചെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോ?ഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. തെരുവുനായശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

webdesk11: