X

ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍; പോംവഴി തേടി സര്‍ക്കാര്‍

തിരുവനന്തപുരം: രാജ്ഭവനിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി ‘സ്വന്തം സര്‍ക്കാരി’നെയും മുഖ്യമന്ത്രിയെയും തെളിവുകള്‍ നിരത്തി തുറന്നുകാട്ടുന്ന അസാധാരണ വാര്‍ത്താസമ്മേളനത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കമിട്ടത് പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന വിവാദത്തിന്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി കത്തുകള്‍ അയക്കുകയും നേരിട്ടെത്തി ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഏതെങ്കിലുമൊരു നിയമനത്തില്‍ നേരിട്ട് ഇടപെടാനോ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ലെന്നാണ് വ്യവസ്ഥ. ചാന്‍സലര്‍ ആയ ഗവര്‍ണറോട് അനധികൃത നിയമനത്തിന് ശുപാര്‍ശ ചെയ്‌തെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. ഇത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
മാത്രമല്ല, വിവാദബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തില്‍ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകള്‍ സാധുവാക്കാന്‍ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും വ്യക്തമായി തന്നെ ഗവര്‍ണര്‍ പറഞ്ഞുകഴിഞ്ഞു. സാധാരണനിലയില്‍ നിയമസഭ ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് പതിവ്. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം തേടാറുമുണ്ട്. എന്നാല്‍ ഇതുവരെയുള്ള പതിവ് അനുസരിച്ച് ഇത്തവണ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതല്‍ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.
ഒപ്പിടാന്‍ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.

ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളന്‍ കേസിലെ സുപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തില്‍ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

web desk 3: