X

ഓഖി: കേന്ദ്രസംഘം ഇന്ന് കൊച്ചിയില്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട ജില്ലയിലെ തീരമേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം ഇന്ന് കൊച്ചിയില്‍ സന്ദര്‍ശനം നടത്തും. രാവിലെ ചെല്ലാനവും ഉച്ചക്ക് ശേഷം മുനമ്പവും വൈപ്പിനുമാണ് സംഘം സന്ദര്‍ശിക്കുക. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ബീച്ച് ഇറോഷന്‍ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കൊച്ചിയും 28ന് ആലപ്പുഴയും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുക. കുടിവെള്ള ശുചീകരണ വിഭാഗം അസി.അഡൈ്വസര്‍ സുമിത് പ്രിയദര്‍ശിയും സംഘത്തിലുണ്ടാവും. ആള്‍നാശം, മത്സ്യബന്ധന യാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നഷ്ടം, കൃഷിനാശം, വൈദ്യുതി, ജലസേചന സംവിധാനങ്ങള്‍ക്കുണ്ടായ നാശം തുടങ്ങിയവ സംഘം വിലയിരുത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ബിപിന്‍ മാലിക്, കേന്ദ്രമൃഗസംരക്ഷണവകുപ്പിന് കീഴിലെ ഫിഷറീസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ സഞ്ജയ് പാണ്‌ഡെ, ആഭ്യന്തരമന്ത്രാലയം ദുരന്തനിവാരണവിഭാഗം ടെക്‌നിക്കല്‍ ഓഫീസര്‍ ഓം പ്രകാശ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരവും കൊല്ലവും സന്ദര്‍ശിക്കുന്നത്. 27ന് തിരുവനന്തപുരവും 28ന് കൊല്ലവും സംഘം സന്ദര്‍ശിക്കും. ഊര്‍ജവവകുപ്പിലെ സിഇഎ ഡയറക്ടര്‍ (ഡിപി & ഡി) എം എം ധാക്കഡെ, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ പി സിങ്, ഷിപ്പിങ് മന്ത്രാലയം ഡയറക്ടര്‍ ചന്ദ്രമാണി റൗത്ത് എന്നിവരടങ്ങുന്ന സംഘമാണ് തൃശൂര്‍, മലപ്പുറം ജില്ലകള്‍ സന്ദര്‍ശിക്കുക. 27ന് തൃശൂരും 28ന് മലപ്പുറവുമാണ് സന്ദര്‍ശിക്കുക.

അതിനിടെ ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊച്ചിയിലെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തിന് ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നിവേദനം നല്‍കും.

chandrika: