X

ഗ്രീന്‍ഫീല്‍ഡ് പാത; നഷ്ടപരിഹാരത്തുക അനുവദിച്ചു; ആദ്യഘട്ടത്തിൽ 200 കോടി രൂപ; മലപ്പുറം ജില്ലക്ക് ആകെ ആവശ്യം 2467 കോടി രൂപ

കോഴിക്കോട്: പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി മലപ്പുറം ജില്ലയില്‍ ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക അനുവദിച്ചു. ആദ്യഘട്ടമെന്നോണം 200 കോടി രൂപയാണ് അനുവദിച്ചത്.

ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച്‌ ഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നേരത്തെ സമര്‍പ്പിച്ചിരുന്നു. 2467 കോടി രൂപയാണ് നഷ്ടപരിഹാരം ഇനത്തില്‍ ജില്ലക്ക് ആവശ്യമായി വരിക. ഇതില്‍ 2400 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യം അപേക്ഷ നല്‍കിയത്. നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്ന നടപടികള്‍ ഈ ആഴ്ചയില്‍ പൂര്‍ത്തിയാകും.

എല്ലാ രേഖകളും സമര്‍പ്പിച്ച ആളുകള്‍ക്കാകും ആദ്യം നഷ്ടപരിഹാരം ലഭിക്കുക. ഭൂവുടമകളുടെ വാദം കേള്‍ക്കലും രേഖകള്‍ ഹാജരാക്കുന്ന നടപടികളും അന്തിമഘട്ടത്തിലാണ്. 3950 ഉടമകളുടെ ഭൂമിയാണ് ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 32 ഉടമകള്‍ മാത്രമാണ് ഇനി വാദം കേള്‍ക്കലില്‍ പങ്കെടുക്കാനുള്ളത്.

മലപ്പുറം ജില്ലയില്‍ 238 ഹെക്ടര്‍ ഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതില്‍ 210 ഹെക്ടര്‍ ഭൂമിയുടെ ത്രീഡി വിജ്ഞാപനം ഫെബ്രുവരി 13ന് പുറത്തിറങ്ങിയിരുന്നു. ബാക്കി 28 ഹെക്ടര്‍ ഭൂമിയുടെ ത്രീ ഡി വിജ്ഞാപനം കഴിഞ്ഞ മാസം ഇറങ്ങിയതോടെ ഏറ്റെടുക്കുന്ന ഭൂമി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലായി. ത്രീഡി വിജ്ഞാപനം പൂര്‍ത്തിയായതോടെ അന്തിമറിപ്പോര്‍ട്ട് അധികൃതര്‍ ദേശീയപാതാ അഥോറിറ്റിക്ക് കൈമാറി. പിന്നീടാണ് ഫണ്ടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 45 മീറ്റര്‍ വീതിയില്‍ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്.

വാഴയൂര്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂര്‍, കാവനൂര്‍, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂര്‍, പോരൂര്‍, ചെന്പ്രശേരി, വെട്ടിക്കാട്ടിരി, തുവൂര്‍, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പുതിയ ദേശീയപാത.

webdesk14: