X

സ്‌കൂളില്‍ പോയ കുട്ടികള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടു; രക്ഷിക്കാനായി സംഘം കാട്ടിലൂടെ നടന്നത് 100 കിലോമീറ്റര്‍

തൃശൂര്‍: പ്രളയത്തെത്തുടര്‍ന്ന് സ്‌കൂളില്‍ അകപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി മാതാപിതാക്കളുടെ സംഘം കാട്ടിലൂടെ നടന്നത് 100 കിലോമീറ്ററില്‍ അധികം. ചാലക്കുടിയില്‍ പഠിക്കുന്ന മക്കളെ രക്ഷിക്കാനായാണ് ഇവര്‍ ഇത്രയും ദൂരം നടന്നത്. മലക്കപ്പാറ പെരുമ്പാറ ഗിരിജന്‍ കോളനിയിലെ കാടര്‍ വംശജരാണ് അങ്ങോട്ടുമിങ്ങോട്ടുമായി 100 കിലോമീറ്ററിലധികം കാല്‍ നടയായി നടന്നത്.

അതിരപ്പിള്ളി മുതല്‍ മലക്കപ്പാറ വരെയാണ് ഇവര്‍ കാല്‍നടയായി നടന്നത്. ചാലക്കുടി നായരങ്ങാടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന ഊരിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിനായിരുന്നു യാത്ര. അണക്കെട്ട് തുറന്നു വിട്ടതും പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതുമാണ് ഇവരെ ആശങ്കയിലാക്കിയത്.

അവശ്യ സാധനങ്ങളുമെടുത്ത് ഊരുമൂപ്പന്‍ മയിലാമണിയുടെ നേതൃത്വത്തില്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 11 അംഗ സംഘമാണ് സ്‌കൂള്‍ ലക്ഷ്യമാക്കി കാട്ടുവഴിയിലൂടെ നടന്നത്. അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ പലയിടങ്ങളും ഉരുള്‍പ്പൊട്ടി തകര്‍ന്നതിനാല്‍ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. 17ന് രാവിലെ ആരംഭിച്ച് 20ന് രാത്രിയോടെയാണ് ഊരുകൂട്ടത്തിന്റെ യാത്ര അവസാനിച്ചത്.

തിരിച്ചുള്ള യാത്രയായിരുന്നു ഏറെ സാഹസമെന്ന് ഊരുമൂപ്പന്‍ പറഞ്ഞു. സ്‌കൂളില്‍ ഏറെ നേരം കുടുങ്ങിയതിനാല്‍ കുട്ടികള്‍ ക്ഷണിച്ചവശരായിരുന്നു. ഇതോടെ ഇവരെ ചുമലിലേറ്റിയാണ് സംഘം യാത്ര തുടര്‍ന്ന്ത്. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞ് ആനക്കയം പാലത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നതിനാല്‍ യാത്ര ദുഷ്‌കരമായിരുന്നുവെന്ന് ഊരുമൂപ്പന്‍ പറഞ്ഞു.

chandrika: